
തൃശൂർ: ഭർത്താവിന്റെ ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. തളിക്കുളം നമ്പിക്കടവ് സ്വദേശിനി ഹഷിത(25)യാണ് കൊല്ലപ്പെട്ടത്. പ്രസവശേഷം വിശ്രമത്തിലായിരുന്ന ഹഷിതയെയും കുഞ്ഞിനെയും കാണാൻ ഭർത്താവ് കാട്ടൂർ സ്വദേശി മംഗലത്ത് വീട്ടിൽ മുഹമ്മദ് ആഷിഫ് എത്തിയിരുന്നു. വൈകാതെ ഹഷിതയുമായി വഴക്കായ ആഷിഫ് കത്തിയെടുത്ത് ഹഷിതയെ വെട്ടി.
ആക്രമണം തടയാനെത്തിയ ഹഷിതയുടെ പിതാവ് നൂറുദ്ദീൻ(55), മാതാവ് നസീമ(50) എന്നിവർക്ക് നേരെയും മുഹമ്മദ് ആഷിഫ് ആക്രമണം നടത്തി. നൂറുദ്ദിന്റെ തലയിൽ വെട്ടേറ്റു. ദേഹമാകെ വെട്ടേറ്റ ഹഷിത മരിച്ചു. ഇന്നലെ വൈകിട്ടാണ് ഹഷിതയും ആഷിഫും തമ്മിൽ വഴക്കുണ്ടായത്. ആഷിഫിനായി പൊലീസ് അന്വേഷണം നടക്കുകയാണ്. ഹഷിതയുടെ നേരെയുണ്ടായത് കരുതിക്കൂട്ടിയുളള ആക്രമണമാണെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ബാഗിൽ ആയുധവുമായാണ് ആഷിഫ് വന്നതെന്നും ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നും അവർ പറഞ്ഞു.