casimero

മാഡ്രിഡ് : ഒരു പതിറ്റാണ്ടോളമായി സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിന്റെ മധ്യനിരയിലെ ശക്തി ദുർഗമായിരുന്ന ബ്രസീലിയൻ മിഡ്ഫീൽഡർ കാർലോസ് കാസിമെറോ ഇനി ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി കളിക്കും.

2013ൽ റയൽ മാഡ്രിഡിലെത്തിയ കാസിമെറോ മധ്യനിരയിലെ നിർണായക സാന്നിദ്ധ്യമായിരുന്നു . റയലിനാെപ്പം മൂന്ന് ലാലിഗയും അഞ്ച് ചാമ്പ്യൻസ് ലീഗുമടക്കം നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായി. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഡിഫൻസീവ് മിഡ്ഫീൽഡർമാരിൽ ഒരാളായ കാസിമെറോയെ നാല് വർഷത്തെ കരാറിൽ 70 ദശലക്ഷം യൂറോയ്ക്കാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.

കാസിമെറോ റയൽ വിടുന്നതായി പരിശീലകൻ കാർലോ ആഞ്ചലോട്ടി നേരത്തേ വ്യക്തമാക്കിയിരുന്നു. താരവുമായി സംസാരിച്ചെന്നും ടീം വിടാനുളള തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും ആഞ്ചലോട്ടി പറഞ്ഞു.

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ അവസാനസ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരശക്തമാക്കാനാണ് കാസിമെറോയെ കൊണ്ടുവരുന്നത്. പുതിയ പരിശീലകൻ എറിക് ടെൻഹാഗിന്റെ കീഴിൽ കളിച്ച പ്രിമിയർ ലീഗിലെ ആദ്യ രണ്ട് മത്സരങ്ങളിലും മാഞ്ചസ്റ്റർ തോറ്റിരുന്നു. ചിരവൈരികളായ ലിവർപൂളാണ് അടുത്ത എതിരാളികൾ. 30കാരനായ കാസെമിറോയുടെ വരവോടെ ടീം ഫോമിലേക്കുയരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കാസിമെറോയുടെ കണക്കുപുസ്തകം

5 ചാമ്പ്യൻസ് ലീഗുകൾ

3 സ്പാനിഷ് ലാലിഗ

3 യുവേഫ സൂപ്പർ കപ്പ്

3 ക്ളബ് വേൾഡ് കപ്പ്

3 സ്പാനിഷ് സൂപ്പർ കപ്പ്

1 കോപ്പ ഡെൽ റേയ്