
തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനവുമായി സി.പി.എം, തന്റെ സ്ഥാനത്തിന് യോജിക്കാത്ത രീതിയിൽ പ്രതികരിക്കുന്നത് ഗവർണർ പദവിക്ക് യോജിച്ചതാണോയെന്ന് അദ്ദേഹം പരിശോധിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
അറിയപ്പെടുന്ന അക്കാദമിഷ്യനും, ചരിത്രകാരനുമായ കണ്ണൂർ വി.സിയെ ക്രിമിനൽ എന്നുവിളിച്ച ഗവർണറുടെ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എന്ത് ക്രിമിനൽ കുറ്റമാണ് വി.സി ചെയ്തത് എന്ന് ഗവർണർ വ്യക്തമാക്കണം. ഗവർണർ എടുത്ത നടപടിയിൽ നിയമപരമായി മാത്രം വിയോജിപ്പ് രേഖപ്പെടുത്തിയ ആളാണ് കണ്ണൂർ വി.സി . അറിയപ്പെടുന്ന ആർ.എസ്.എസുകാരെ തന്റെ ജീവനക്കാരായി നിശ്ചയിച്ച് സർക്കാരിനെതിരെയുള്ള ഉപജാപങ്ങളുടെ കേന്ദ്രമാക്കി തന്റെ ഓഫീസിനെ മാറ്റിയ ഗവർണർ രാജ്ഭവനെ കേവലം ആർ.എസ്.എസ് ശാഖയുടെ നിലവാരത്തിലേക്ക് അധപ്പതിപ്പിക്കുകയാണ്. തെറ്റ് ചൂണ്ടിക്കാണിക്കുന്നതിന് പകരം സർവ്വ സീമകളും ലംഘിച്ച് നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ഇടപെടലുകൾ ആരെ പ്രീതിപ്പെടുത്താനുള്ളതാണ് എന്ന് ഗവർണറാണ് വ്യക്തമാക്കേണ്ടത്. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളെ ഇല്ലായ്മ ചെയ്യാനാണ് അദ്ദേഹത്തിന്റെ ശ്രമം.
പൊതു വിദ്യാഭ്യാസ രംഗത്തും കേരളം കുതിപ്പിന്റെ പാതയിലാണ്. ഈ നേട്ടങ്ങളെ കാണാനും, അംഗീകരിക്കാനും ഗവർണർക്ക് സാധിക്കുന്നില്ല എന്നത് ദൗർഭാഗ്യകരമാണ്. രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് മുമ്പേ ബോധപൂർവ്വമുള്ള പ്രസ്താവനകളും, പ്രകോപനപരമായ ഇടപെടലുകളും ഗവൺമെന്റിനെതിരായി ഗവർണറുടെ ഭാഗത്ത് നിന്നുമുണ്ടായത് എന്ത് ഉദ്ദേശത്തിലായിരുന്നു എന്നത് വ്യക്തമാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു.