real-madrid

ലാ ലിഗയിൽ റയൽ മാഡ്രിഡ് 4-1ന് സെൽറ്റ ഡി വിഗോയെ കീഴടക്കി

മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് പുതിയ സീസണിലും തകർപ്പൻ പ്രകടനം തുടരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലുഗോളുകൾക്ക് റയൽ സെൽറ്റ ഡി വിഗോയെ തകർത്ത് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനത്താണ്. സീസണിലെ രണ്ട് മത്സരങ്ങളും വിജയിച്ച റയലിന് ആറുപോയിന്റുകളാണുള്ളത്.

സെൽറ്റയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ കരിം ബെൻസേമ, ലൂക്ക മൊഡ്രിച്ച്,വിനീഷ്യസ് ജൂനിയർ,വെൽവെർദെ എന്നിവർ നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. ആദ്യ പകുതിയിൽ 2-1ന് ലീഡുചെയ്ത റയൽ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി നേടി വിജയം ആധികാരികമാക്കി.ലാഗോ ആസ്പാസ് പെനാൽറ്റിയിൽ നിന്നാണ് സെൽറ്റയുടെ ആശ്വാസഗോൾ നേടിയത്.

മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് കൂറുമാറിയ കാസിമെറോ, സുഖമില്ലാത്തതിനാൽ കളിക്കാനിറങ്ങാതിരുന്ന ടോണി ക്രൂസ് എന്നിവരുടെ അഭാവത്തിലും മദ‌്ധ്യനിരയിൽ തന്റെ മാന്ത്രികപ്രകടനം പുറത്തെടുത്ത ലൂക്കാ മൊഡ്രിച്ചാണ് റയൽ വിജയത്തിന്റെ കേന്ദ്ര ബിന്ദുവായത്. ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറിന്റെ ഫിനിഷിംഗ് പാടവവും ബെൻസേമയുടെ അക്രമണോത്സുകതയും റയലിന് ആവേശം പകർന്നു.

കളി ഇങ്ങനെ

14-ാം മിനിട്ട്

1-0

ടാപ്പിയയുടെ ഹാൻഡ്ബാൾ ഫൗളിന് റഫറി വിധിച്ച പെനാൽറ്റി വലയിലെത്തിച്ച് കരിം ബെൻസേമ റയലിന്റെ അക്കൗണ്ട് തുറന്നു.

23-ാം മിനിട്ട്

1-1

മിലിറ്റാവോയുടെ ഹാൻഡ് ബാളിന്റെ പേരിൽ സെൽറ്റയ്ക്ക് ലഭിച്ച പെനാൽറ്റി കിക്ക് ഗോളാക്കി ലാഗോ ആസ്പാസ് കളി 1-1 എന്ന നിലയിൽ തുല്യതയിലാക്കുന്നു.

41-ാം മിനിട്ട്

2-1

ആൽബയുടെ പാസിൽ നിന്ന് ലഭിച്ച പന്ത് വലയിലാക്കിയ ലൂക്കാ മൊഡ്രിച്ച് റയലിനെ വീണ്ടും മുന്നിലെത്തിച്ചു.

56-ാം മിനിട്ട്

3-1

ലൂക്കയിൽ നിന്ന് കിട്ടിയ പാസ് വിനീഷ്യസ് ജൂനിയർ ഗോളാക്കി.

66-ാം മിനിട്ട്

4-1

വൽവെർദെയ്ക്ക് റയലിന്റെ അവസാനഗോളടിക്കാൻ വഴിയൊരുക്കിയത് വിനീഷ്യസിന്റെ അസിസ്റ്റായിരുന്നു.