
തിരുവനന്തപുരം: ആസാദ് കാശ്‌മീർ പരാമർശം നടത്തിയ കെ,ടി. ജലീൽ എം.എൽ,എയ്ക്കെതിരെ ബി.ജെ .പി കോടതിയെ സമീപിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. രാജ്യദ്രോഹ പ്രസ്താവന നടത്തിയ കെടി ജലീലിനെതിരെ കേസെടുക്കാൻ പരാതി നൽകിയിട്ടും കേരള പൊലീസ് തയ്യാറായിട്ടില്ല. ജലീലിനെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിന്റേത്. അതിനാൽ ബി.ജെ.പി കോടതിയെ സമീപിക്കും. കെ.ടി ജലീലിന് നിയമസഭാ സാമാജികനായി തുടരാൻ അർഹതയില്ലെന്നും സുരേന്ദ്രൻ പറഞ്ഞു. രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്ത ആളാണ് ജലീലെന്നും സുരേന്ദ്രൻ പറഞ്ഞു. വെമ്പായത്ത് ഒ.ബി.സി മോർച്ച സംസ്ഥാന പഠന ശിബിരവേദിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ വി.സിയുടെ നേതൃത്വത്തിൽ തന്നെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വെളിപ്പെടുത്തലിനെ സംബന്ധിച്ച് അന്വേഷിക്കാൻ ഉന്നത പൊലീസുദ്യോഗസ്ഥർ ഉൾപ്പെടുന്ന പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. സംഭവത്തിൽ .കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കണ്ണൂർ വി.സിക്കും മറ്റും എതിരെ ഗവർണർ പറയുന്ന കാര്യങ്ങൾ ചെന്നു കൊള്ളുന്നത് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയനിലാണ്. രാജ്ഭവൻ അംഗീകരിച്ചതിലധികം സമയം ഗവർണറെ അവിടെ ചെലവഴിപ്പിച്ചതിലും അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കാൻ ശ്രമിച്ചവർക്ക് ഒത്താശ ചെയ്തതും ഗൂഡാലോചനയാണ്. അധികൃതരുടെ നിർദ്ദേശ പ്രകാരമാണ് പരാതി പറഞ്ഞിട്ടും പൊലീസ് ഇക്കാര്യം അന്വേഷിക്കാതിരുന്നത്. മുഖ്യമന്ത്രിയാണിതിന് മറുപടി പറയേണ്ടത്. അദ്ദേഹത്തെ വകവരുത്താൻ ശ്രമിച്ചാലും കേസെടുക്കേണ്ടതില്ലെന്നാണ് സർക്കാർ നിലപാട്.
പാലക്കാടെ കൊലപാതകത്തിൽ കുറ്റം ചെയ്തവരും അവരുടെ ബന്ധുക്കളും തങ്ങൾ സി.പി.എമ്മാണെന്ന് പറയുന്നു. ബി.ജെ.പിക്കും ആർ.എസ്.എസിനുംകൊലപാതകവുമായി ഒരു ബന്ധവുമില്ല. ബി.ജെ.പിയെയും ആർ.എസ്.എസിനെയും കുരുക്കാനുള്ള സി.പി. എമ്മിന്‌റെ എല്ലാ ശ്രമങ്ങളും പൊളിഞ്ഞു പാളീസായി. കള്ളക്കേസെടുത്താൽ ശക്തിയായി പ്രതികരിക്കുമെന്നും സുരേന്ദ്രൻ പറഞ്ഞു.