rbi

കൊച്ചി: റിസർവ് ബാങ്കിന്റെ ശിക്ഷാനടപടിയായ പ്രോംപ്‌റ്റ് കറക്‌ടീവ് ആക്‌ഷനിൽ (പി.സി.എ)​ നിന്ന് സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ പുറത്തേക്ക്. നിലവിൽ പി.സി.എയിലുള്ള ഏക പൊതുമേഖലാ ബാങ്കാണ് സെൻട്രൽ ബാങ്ക്. കിട്ടാക്കടം (നിഷ്‌ക്രിയ ആസ്‌തി)​ നിയന്ത്രണത്തിൽ വീഴ്ചവരുത്തുകയും സാമ്പത്തികഭദ്രത ഉറപ്പാക്കാതിരിക്കുകയും ചെയ്യുന്ന ബാങ്കുകൾക്കെതിരെ റിസർവ് ബാങ്ക് സ്വീകരിക്കുന്ന നല്ലനടപ്പ് നടപടിയാണ് പി.സി.എ.

ഇതിലുൾപ്പെടുന്ന ബാങ്കുകൾക്ക് വായ്‌പാ വിതരണം,​ പുതിയ ശാഖ തുറക്കൽ തുടങ്ങിയവയ്ക്ക് കടുത്ത നിയന്ത്രണമുണ്ടാകും. കിട്ടാക്കടനിരക്ക് കുതിച്ചുയർന്നതിനെ തുടർന്ന് 2017 ജൂണിലാണ് സെൻട്രൽ ബാങ്ക് പി.സി.എയിൽ അകപ്പെട്ടത്. കഴിഞ്ഞപാദത്തിൽ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ)​ 15.92 ശതമാനത്തിൽ നിന്ന് 14.9 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ)​ 5.09 ശതമാനത്തിൽ നിന്ന് 3.93 ശതമാനത്തിലേക്കും കുറഞ്ഞിരുന്നു. അറ്റാദായം 205 കോടിയിൽ നിന്ന് 235 കോടി രൂപയിലേക്കും ഉയർന്നിരുന്നു.