
കോഴിക്കോട്: മിൽമയുടെ ആദ്യ ഡ്രൈവ് ഇൻ പാർലറിന്റെയും കഫെറ്റീരിയയുടെയും ഉദ്ഘാടനം കോഴിക്കോട്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. മിൽമ ചെയർമാൻ കെ.എസ്. മണി അദ്ധ്യക്ഷത വഹിച്ചു. എല്ലാ ജില്ലകളിലും വൈകാതെ മിൽമ ഡ്രൈവ് ഇൻ പാർലറും കഫെറ്റീരിയയും തുടങ്ങും.
സംസ്ഥാനത്തെ ആദ്യ മിൽമ മിനി സൂപ്പർ മാർക്കറ്റ് നിലമ്പൂരിൽ ഉടൻ തുറക്കും.
മാനേജിംഗ് ഡയറക്ടർ ഡോ.പി. മുരളി റിപ്പോർട്ട് അവതരിപ്പിച്ചു. എം.ആർ.ഡി.എഫിന്റെ പുതിയ മിൽമ ഉത്പന്നമായ ചെമ്പ പുട്ടുപൊടി പി.ടി.എ റഹീം എം.എൽ.എ വിപണിയിലിറക്കി. കൗൺസിലർ സ്മിത വള്ളിശേരി, വ്യാപാരി സംഘടനാപ്രതിനിധികളായ ജി.എം.സുരേന്ദ്രൻ, രമേഷ് കോട്ടായി, എം.ആർ.ഡി.എഫ് ട്രസ്റ്റി ചെന്താമര, സി.ഇ.ഒ ജോർജ് കുട്ടി ജേക്കബ് എന്നിവർ സംസാരിച്ചു.
കോഴിക്കോട് സി.ഡബ്ള്യു.ആർ.ഡി.എം റോഡിൽ കോട്ടാംപറമ്പിൽ മിൽമയുടെ സഹോദര സ്ഥാപനമായ മലബാർ റൂറൽ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷൻ (എം.ആർ.ഡി.എഫ്) കോമ്പൗണ്ടിലാണ് ഡ്രൈവ് ഇൻ ഇൻ പാർലറും കഫെറ്റീരിയയും. മിൽമയുടെ ഉത്പന്നങ്ങൾ ഇവിടെ ലഭിക്കും. ചായ, കാപ്പി തുടങ്ങി പത്തോളം ഹോട്ട് ഡ്രിങ്കുകളും 15 ഇനം ദോശകളും 22 ഇനം സ്‌നാക്‌സും മിൽമ ഐസ്‌ക്രീമുകളും കെഫറ്റീരിയയിലുണ്ട്.