tomato-flu

തിരുവനന്തപുരം: മൂന്ന് മാസം മുമ്പാണ് കൊല്ലം ജില്ലയിൽ ഇന്ത്യയിലെ ആദ്യത്തെ തക്കാളിപ്പനി റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിനു ശേഷം രോഗം വളരെ പെട്ടെന്ന് പടർന്നുപിടിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ തക്കാളിപ്പനി രോഗികൾ ഉള്ളത് നമ്മുടെ കേരളത്തിലാണ്. ഒഡീഷയാണ് രണ്ടാം സ്ഥാനത്ത്. മേയ് മാസത്തിൽ ആദ്യ രോഗിയെ കണ്ടെത്തിയതിന് പിന്നാലെ ഒരു മാസത്തിനുള്ളിൽ എൺപതോളം രോഗികളാണ് കേരളത്തിൽ മാത്രം റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇപ്പോഴും തക്കാളിപ്പനി ഉയർത്തുന്ന വെല്ലുവിളി അവസാനിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം.

അഞ്ച് വയസിന് താഴെയുള്ള കുട്ടികളിലാണ് തക്കാളിപ്പനി കണ്ടുവരുന്നത്. അതു തന്നെയാണ് അധികം തീവ്രതയില്ലാത്ത രോഗമായിട്ടു പോലും തക്കാളിപ്പനിയെ അപകടകാരിയാക്കുന്നത്. കുഞ്ഞുങ്ങൾക്ക് തങ്ങളുടെ ശാരീരിക അവസ്ഥ മറ്റുള്ളവരെ പറഞ്ഞു മനസിലാക്കാൻ സാധിക്കാത്തത് പ്രശ്നം ഗുരുതരമാക്കുന്നു. ഇതുവരെയായും തക്കാളിപ്പനി മുതിർന്നവർക്കു വന്നതായി ഒരിടത്തും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

ദേഹത്ത് ചെറിയ കുരുക്കള്‍ പൊങ്ങുന്നതാണ് തക്കാളിപ്പനിയുടെ പ്രധാന ലക്ഷണങ്ങളിലൊന്ന്. തക്കാളി പോലുള്ള ചുവന്ന നിറത്തിലുള്ള കുരുവാണ് കാണുക. ഇതിനാലാണ് വൈറൽ അണുബാധയായിട്ടും ഇതിനെ തക്കാളിപ്പനി എന്ന് വിളിക്കുന്നത്. കുരുക്കൾക്കൊപ്പം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ചുവന്ന പാടുകൾ പ്രത്യക്ഷപ്പെടുന്നതും ഈ രോഗത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഉയര്‍ന്ന പനി, സന്ധികളില്‍ വീക്കം, ശരീരവേദന, നിര്‍ജലീകരണം, അവശത എന്നിവയും തക്കാളിപ്പനിയുടെ ലക്ഷണങ്ങളാണ്. എന്നാൽ ഈ ലക്ഷണങ്ങൾ വിവിധ രോഗികളിൽ വ്യത്യസ്തമായിരിക്കും.

ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക എന്നതാണ് തക്കാളിപ്പനിയെ പ്രതിരോധിക്കാനുള്ള ഏറ്റവും മികച്ച മാർഗം. കുട്ടികളിൽ അണുബാധ ഉണ്ടാകാതെ ഇരിക്കാൻ മുതിർന്നവർ വ്യക്തിശുചിത്വം കർശനമായി പാലിക്കണം. ഇനി കുഞ്ഞുങ്ങളില്‍ പനി, നിര്‍ത്താത്ത കരച്ചില്‍, ഉറക്കമില്ലായ്മ, അസ്വസ്ഥത എന്നിവ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറെ സമീപിക്കണം.