dead-body

റിയാദ്: രണ്ട് മാസം മുമ്പ് സൗദിയിൽ വച്ച മരണമടഞ്ഞ പ്രവാസി യുവാവിന്റെ മൃതദേഹം ബന്ധുക്കളുടെ ആവശ്യപ്രകാരം പുറത്തെടുത്തു. തമിഴ്നാട് മധുര സ്വദേശി ആണ്ടിച്ചാമി പളനിസാമിയുടെ (42) മൃതദേഹമാണ് പുറത്തെടുത്തത്. ഇന്ത്യന്‍ എംബസി, ഗവര്‍ണറേറ്റ്, ബലദിയ, പൊലീസ്, ആരോഗ്യം എന്നീ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ റിയാദിലെ മലപ്പുറം ജില്ല കെ എം സി സി വെൽഫയർ വിംഗ് പ്രവർത്തകരുടെ നേതൃത്വത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

നാട്ടിലെ ആചാരപ്രകാരം ശവസംസ്കാരം നടത്തണമെന്ന ആണ്ടിച്ചാമിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് മൃതദേഹം പുറത്തെടുത്തത്. ഇത്തരത്തിൽ സൗദിയിൽ പുറത്തെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ പൗരന്റെ മൃതദേഹമാണ് ആണ്ടിച്ചാമിയുടേത്. സൗദിയിലെ ശുമൈസി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹാവശിഷ്ടങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിക്കും.

സൗദിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്ന ആണ്ടിച്ചാമിയെ കഴിഞ്ഞ മേയ് 19ന് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് വേണ്ടിയുള്ള മലപ്പുറം ജില്ല കെ എം സി സി വെൽഫയർ വിംഗ് പ്രവർത്തകരുടെ ശ്രമഫലമായി ഇന്ത്യൻ എംബസി എൻ ഒ സി പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനിടെ ജൂൺ 16ന് ആണ്ടിച്ചാമിയുടെ മൃതദേഹം സൗദി അധികൃതർ അടക്കം ചെയ്തു.

എന്നാൽ മൃതദേഹം ഏതുവിധേനയും നാട്ടിലെത്തിക്കണമെന്ന ആണ്ടിച്ചാമിയുടെ ബന്ധുക്കളുടെ അപേക്ഷ പരിഗണിച്ച് ഇന്ത്യൻ എംബസി മലപ്പുറം വെൽഫെയർ വിംഗിനോട് പ്രശ്നത്തിൽ ഇടപ്പെടാൻ ആവശ്യപ്പെടുകയായിരുന്നു. ഇവർ റിയാദ് ഗവര്‍ണറേറ്റ്, റിയാദ് പൊലീസ്, മജ്മ, ശഖ്റ പൊലീസ്, ആശുപത്രി, മജ്മ ഗവര്‍ണറേറ്റ്, ബലദിയ എന്നിവയുമായി നിരന്തര ചർച്ചകൾ നടത്തി മൃതദേഹ് പുറത്തെടുക്കാനുള്ള അനുമതി നേടിയെടുക്കുകയായിരുന്നു.