
കിൻഷസ : ഡെമോക്രാറ്റിക് റിപ്പബ്ലിക് ഒഫ് കോംഗോയിൽ ( ഡി.ആർ കോംഗോ ) വീണ്ടും എബോള ഭീതി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിൽ എബോളയെന്ന് സംശയിക്കുന്ന ഒരു കേസിനെ പറ്റി അന്വേഷിക്കുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. കഴിഞ്ഞ മാസമാണ് കോംഗോയിൽ ഏപ്രിലിൽ ആരംഭിച്ച എബോള വ്യാപനം അവസാനിച്ചെന്ന് അധികൃതർ അറിയിച്ചത്.
1976ന് ശേഷം രാജ്യത്ത് പൊട്ടിപ്പുറപ്പെടുന്ന 14ാമത്തെ എബോള വ്യാപനമായിരുന്നു അത്. സ്ഥിരീകരിച്ചത് ഉൾപ്പെടെ ആകെ അഞ്ച് കേസുകൾ കണ്ടെത്തിയിരുന്നു. ഇവരെല്ലാവരും മരിച്ചിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കിഴക്കൻ പ്രവിശ്യയായ നോർത്ത് കിവുവുൽ മരിച്ച 46കാരിയിലാണ് ഇപ്പോൾ എബോള സാന്നിദ്ധ്യം സംശയിക്കുന്നത്.
എബോള ലക്ഷണങ്ങളോടെ ബെനി നഗരത്തിലെ ആശുപത്രിയിൽ ഇവർ ചികിത്സ തേടിയിരുന്നു. ഇവരുടെ സ്രവ സാമ്പിൾ പരിശോധനാ ഫലം ഉടൻ ലഭിക്കും. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മരുന്നുകളും മറ്റും സജ്ജമാക്കാൻ സർക്കാർ പ്രാദേശിക ഭരണകൂടങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2020ൽ രാജ്യത്തുണ്ടായ എബോള വ്യാപനത്തിൽ 2,280 പേർ മരിച്ചിരുന്നു.
2014ൽ പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള വൈറസ് പടർന്നു പിടിച്ചപ്പോൾ 28,000ത്തിലേറെ കേസുകൾ സ്ഥിരീകരിച്ചതിൽ 11,000 പേർ മരണത്തിന് കീഴടങ്ങിയിരുന്നു. 2016ലാണ് ഈ വ്യാപനം അവസാനിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ എബോള രോഗ കാലയളവായിരുന്നു അത്.