
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ നടന്ന സംഗീത പരിപാടിക്കിടെയുണ്ടായ സംഘർഷത്തിനിടെ അമ്പതിലധികം പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ജെ.ഡി.ടി ഇസ്ലാം കോളേജ് ഒഫ് ആർട്‌സ് ആൻഡ് സയൻസിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റസ് ഇനിഷിയേറ്റീവ് പാലിയേറ്റീവ് കെയർ നടത്തിയ '555 ദി റൈൻ ഫെസ്റ്റി"ലാണ് സംഘർഷമുണ്ടായത്. നിരവധി പൊലീസുകാർക്കും പരിക്കേറ്റു.
ഇന്നലെ വൈകിട്ട് ആറോടെ വേദി നിറഞ്ഞതിനെ തുടർന്ന് സംഘാടകർ പ്രവേശന കവാടം അടച്ചിരുന്നു. തുടർന്നാണ് പ്രതിഷേധം തുടങ്ങിയത്. വേദിയിലേക്ക് പൂഴിയും കുപ്പികളും വലിച്ചെറിഞ്ഞു. സംഘർഷം ഒഴിവാക്കാൻ പൊലീസ് ലാത്തി വീശിയതോടെ ആളുകൾ ചിതറിയോടി. ഇതിനിടെ ബാരിക്കേഡ് ദേഹത്ത് വീണാണ് വിദ്യാർത്ഥികളടക്കമുള്ളവർക്ക് പരിക്കേറ്റത്. പരിക്കേറ്റ 12 പേരെ മെഡിക്കൽ കോളേജിലും മറ്റുള്ളവരെ ഗവ. ബീച്ച് ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തെ തുടർന്ന് പരിപാടി നിറുത്തിവെച്ചു. വാഹനങ്ങൾ തടഞ്ഞും കടകൾ അടപ്പിച്ചുമാണ് രാത്രി ഒമ്പതോടെ പൊലീസ് സംഘർഷം നിയന്ത്രിച്ചത്.
നിർദ്ധന രോഗികളുടെ യാത്രക്കായി ആധുനിക സൗകര്യങ്ങളുള്ള ക്യാരവൻ വാങ്ങുന്നതിന്റെ ഫണ്ട് ശേഖരിക്കാനാണ് മൂന്ന് ദിവസമായി ഫെസ്റ്റ് നടത്തിയത്. വിദ്യാർത്ഥികൾ വഴിയാണ് ടിക്കറ്റ് വിറ്റത്. ബീച്ചിൽ പ്രത്യേക വേദി സജ്ജമാക്കിയായിരുന്നു പരിപാടി.