
അബുദാബി: ജോലിക്കിടെ വെയർഹൗസിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റ നിർമ്മാണ തൊഴിലാളിക്ക് 12 ലക്ഷം ദിർഹം(2 കോടി രൂപ) നഷ്ടപരിഹാരം നൽകാൻ വിധിച്ച് കോടതി. യു.എ.ഇയിൽ ആണ് സംഭവം. ഏഷ്യക്കാരനായ തൊഴിലാളി തനിക്കുണ്ടായ ശാരീരികവും മാനസികവുമായ പ്രയാസങ്ങൾക്ക് നഷ്ട പരിഹാരമായി 50 ലക്ഷം ദിർഹം ആവശ്യപ്പെട്ട് നൽകിയ കേസിലാണ് കോടതിയുടെ വിധി.
മേൽക്കൂരയിൽ നിന്ന് വീണ് തലയ്ക്കും ശരീരത്തിനും ഗുരുതര പരിക്കേറ്റെന്നും മാസങ്ങളോളം ചികിത്സക്കായി ആശുപത്രിയിൽ കഴിയേണ്ടി വന്നെന്നും തൊഴിലാളി പരാതിയിൽ പറഞ്ഞു. തലച്ചോറിന് 40 ശതമാനം വൈകല്യവും പരാലിസിസ് മൂലം മുഖം വികൃതമായെന്നും ഇടത് കണ്ണ് അടയ്ക്കാൻ പറ്റാത്ത സ്ഥിതിയാണുള്ളതെന്നും ഇടത് കണ്ണിന് 50 ശതമാനം വൈകല്യവും കേൾവിശക്തി കുറവും മൂക്കിന് ഒടിവും സംഭവിച്ചതായും മണം, രുചി എന്നിവ അറിയാനുള്ള ശക്തി പൂർണമായും നഷ്ടമായതായും മെഡിക്കൽ റിപ്പോർട്ടിൽ വ്യക്തമായി. കൂടാതെ ഇടത് കൈക്ക് 50 ശതമാനം വൈകല്യവും സംഭവിച്ചിട്ടുണ്ട്.
തൊഴിലാളികൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ നൽകാത്ത നിർമ്മാണ സ്ഥാപനത്തിനെതിരെ നേരത്തെ പിഴ ചുമത്തിയിരുന്നു. എന്നാൽ ഇരുഭാഗത്തെയും വാദം കേട്ട പ്രാഥമിക സിവിൽ കോടതി 12 ലക്ഷം ദിർഹം പരിക്കേറ്റ തൊഴിലാളിക്ക് നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു. ഇരു ഭാഗവും ഇതിനെതിരെ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളി. കീഴ്‌ക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു.