
കോഴിക്കോട്: ബീച്ചിലെ സംഗീതപരിപാടിക്കിടെ ബാരിക്കേട് മറിഞ്ഞ് അപകടമുണ്ടായ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. മതിയായ സൗകര്യമൊരുക്കിയില്ലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് സംഘാടകർക്കെതിരെയും പൊലീസ് കേസെടുത്തു. രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഘാടകർക്ക് പുറമേ കണ്ടാലറിയാവുന്ന അൻപത് പേർക്കെതിരെ പൊലീസിനെ ആക്രമിച്ചതിനും കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കേസെടുത്തു. സംഭവത്തിൽ തിക്കിലും തിരക്കിലും പെട്ട് മുപ്പതോളം പേർക്ക് പരിക്കേറ്റിരുന്നു.
ഇന്നലെ വൈകിട്ടാണ് ബീച്ചിലെ സംഗീതപരിപാടിക്കിടെ സംഘർഷമുണ്ടായത്. കോഴിക്കോട് ജെ ഡി റ്റി ഇസ്ലാം കോളേജിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നേതൃത്വത്തിലായിരുന്നു സംഗീതപരിപാടി സംഘടിപ്പിച്ചത്. പരിപാടിയിൽ ഉൾക്കൊള്ളാവുന്നതിലും അധികം പേർക്ക് പ്രവേശനപാസ് നൽകിയതും പുറത്ത് നിന്ന ആളുകളും പരിപാടിയിലേക്ക് ഇരച്ചുകയറിയതുമാണ് സംഘർഷത്തിന് കാരണമായത്. പരിക്കേറ്റവരിൽ ആറ് പൊലീസുകാരും ഉൾപ്പെടുന്നു.
അപകടത്തെ തുടർന്ന് പൊലീസ് ലാത്തിവീശി ആളുകളെ ഒഴിപ്പിച്ചു. കടകളും അടപ്പിച്ചു. ബീച്ചിന് മുന്നിൽ വാഹനങ്ങൾ തടഞ്ഞും കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.