
തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രാവിലെ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ മഴയുണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ഒരിടവേളയ്ക്ക് ശേഷം കാലവർഷം ശക്തിപ്പെടുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ മഴ ലഭിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. നാളെ എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ മറ്റെന്നാൾ യെല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ഇടുക്കിയിൽ അടുത്ത മൂന്ന് ദിവസത്തേക്കാണ് യെല്ലോ അലർട്ട് നൽകിയിരിക്കുന്നത്. ഇന്ന് രാത്രി പത്തനംതിട്ട, വയനാട്, കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിൽ കൂടുതൽ മഴയ്ക്ക് സാദ്ധ്യതയുണ്ട്.
ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാദ്ധ്യതയുള്ളതിനാൽ കേരള- ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ ഓഗസ്റ്റ് 22 മുതൽ 24 വരെ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.