governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷവിമർശനമുമായി സിപിഐ മുഖപത്രം. സർക്കാർ വിരുദ്ധ മാദ്ധ്യമങ്ങളുടെ അജൻണ്ടകൾക്കനുസൃതമായി തൻ പ്രമാണിത്തതോടെ പെരുമാറുകയാണ് ഗവർണറെന്ന് ജനയുഗം പറയുന്നു. സർവകലാശാലകളുടെ പ്രവർത്തനം തടസപ്പെടുത്തുന്നു. അവയുടെ കീർത്തി നശിപ്പിക്കുന്ന നിലപാടാണ് ഗവർണർ സ്വീകരിക്കുന്നതെന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു.

സർവകലാശാലകൾക്കെതിരെ ഗവർണർ നിഴൽയുദ്ധം നടത്തുന്നു. ഇല്ലാത്ത അധികാരമെടുത്തണിഞ്ഞ് മേനി നടിക്കുന്നു. ഗവർണറുടെ നടപടികൾ സ‌ർവകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണ്. ഉന്നതവിദ്യാഭ്യാസ മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും മുഖപത്രത്തിൽ പരാമർശിക്കുന്നു.

ഇതിന് മുൻപ് പുറത്തിറങ്ങിയ പതിപ്പിലും ഗവർണർക്കെതിരെ ജനയുഗം രൂക്ഷവിമർശനം ഉയർത്തിയിരുന്നു. നികൃഷ്ടമായ മാർഗം സ്വീകരിച്ച് വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവർണറെന്ന് പകൽപോലെ വ്യക്തമാണെന്ന് മുഖപത്രത്തിൽ ആരോപിക്കുന്നു. ഗവർണർ പദവി പാഴാണെന്ന നിലപാട് ഒരിക്കൽ കൂടി ശരിയാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ജനയുഗത്തിന്റെ കഴിഞ്ഞ പതിപ്പിൽ പറയുന്നു.