upi

ഡിജിറ്റൽ യുഗത്തിൽ പണമിടപാടിനായി ആളുകൾ ആശ്രയിക്കുന്നത് യു.പി.ഐ ആപ്പുകളെയാണ്. സുരക്ഷിതവും വേഗതയുമാണ് ഇത്തരം ആപ്പുകളെ ജനപ്രിയമാക്കിയത്. ഏകദേശം 150 ദശലക്ഷത്തിലധികം ആൾക്കാരാണ് ഇന്ത്യയിൽ യു.പി.ഐ ഉപയോഗിക്കുന്നത്. പല വിധത്തിലുള്ള യു.പി.ഐ ആപ്പുകൾ പ്ലേ സ്റ്റോറിൽ ഇപ്പോൾ ലഭ്യമാണ്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യു.പി.ഐ ആപ്പുകളെക്കുറിച്ചുള്ള ആശങ്കകൾ പ്രചരിക്കുകയാണ്. പേയ്‌മെന്റുകൾക്ക് ഫീസ് ഏർപ്പാടാക്കുമെന്ന വാർത്തകളാണ് ആളുകളെ കുഴപ്പിച്ചത്. യു.പി.ഐ ഇടപാടുകൾക്ക് പണച്ചെലവുണ്ടെന്നും അത് ഇടപാടുകാരിൽ നിന്ന് ഈടാക്കുന്ന കാര്യം ആലോചിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക് കഴിഞ്ഞയാഴ്ച ചർച്ചാരേഖ പുറത്തിറക്കിയതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. ഇപ്പോഴിതാ സംഭവത്തിൽ വിശദീകരണവുമായി ധനമന്ത്രാലയം തന്നെ എത്തിയിരിക്കുകയാണ്.

യുണൈറ്റഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു.പി.ഐ) ഒരു ഡിജിറ്റൽ പബ്ലിക് ഗുഡ് ആണെന്നും ഇതിന് നിരക്കുകളൊന്നും ഈടാക്കാൻ സർക്കാരിന് ഉദ്ദേശമില്ലെന്നുമാണ് ധനമന്ത്രാലയം പറയുന്നത്. 'യു.പി.ഐ പൊതുജനങ്ങൾക്ക് വലിയ സൗകര്യവും സമ്പദ്‌വ്യവസ്ഥയ്ക്ക് ഉൽപ്പാദനക്ഷമതയും നൽകുന്ന ഒരു മാർഗമാണ്. യു.പി.ഐ സേവനങ്ങൾക്ക് യാതൊരു നിരക്ക് ഈടാക്കുന്നത് സർക്കാരിൽ പരിഗണനയില്ല'- . ,” ധനമന്ത്രാലയം ട്വിറ്ററിൽ കുറിച്ചു.

ക്യാഷ് ബാക്ക്, മറ്റ് ഓഫറുകൾ, ഉപയോഗിക്കാനുള്ള എളുപ്പം തുടങ്ങി പല ഘടകങ്ങൾ കൊണ്ട് പലരും പല ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ഗൂഗിൾ പേ, പേ ടിഎം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ പേർ ആശ്രയിക്കുന്ന യുപിഐ ആപ്പുകൾ.