
കൊച്ചി: പരിശോധനയ‌്ക്കായി ലഭിച്ച ഉത്തരക്കടലാസിൽ വെറും 35 എണ്ണത്തിന് മാത്രം മാർക്കിട്ട് ബാക്കി തിരിച്ചയച്ച തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപകരുടെ പ്രവർത്തി വിവാദമാകുന്നു. കണ്ണൂർ യൂണിവേഴ്‌സ്‌റ്റി വിവാദ നായികയായ പ്രിയ വർഗീസ്, ദീപ നിശാന്ത് എന്നിവരടങ്ങിയ ആറ് മലയാളം അസിസ്റ്റന്റ് പ്രൊഫസർമാരുടെ നടപടിയാണ് വിവാദത്തിലായിരിക്കുന്നത്. കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2019 ഫെബ്രുവരിയിൽ നടന്ന ബി.എ. മലയാളം രണ്ടാം സെമസ്റ്റർ ഉത്തരക്കടലാസുകളിൽ 165 എണ്ണമാണ് ഈ അദ്ധ്യാപകർക്ക് പരിശോധനയ‌്ക്കായി ലഭിച്ചത്. എന്നാൽ 35 എണ്ണം മാത്രം നോക്കി മാർക്കിട്ട് ബാക്കിയുള്ളവ തിരിച്ചയക്കുകയായിരുന്നു. ഇതിനെ തുടർന്ന് ആറുമാസം വൈകിയാണ് വിദ്യാർത്ഥികളുടെ റിസൽട്ട് പുറത്തുവന്നത്. ഇതിനെതിരെ ഒരുനടപടിയും അധികാരികളുടെ ഭാഗത്തു നിന്നുമുണ്ടായില്ലെന്ന് അഭിഭാഷകനായ അഡ്വ. ജയശങ്കർ ആരോപിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയും ശ്രീ കേരളവർമ്മ കോളേജും ഭരിക്കുന്നത് അദ്ധ്വാനിക്കുന്നവരുടെ പാർട്ടിയായതുകൊണ്ടാകാമെന്നും ജയശങ്കർ പരിഹസിച്ചു.
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ് സമർപ്പിച്ച 2018-19ലെ കലിക്കറ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടത്:...
Posted by Advocate A Jayasankar on Sunday, 21 August 2022
എന്നാൽ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന് ദീപ നിശാന്ത് കമന്റ് ബോക്‌സിൽ തന്നെ മറുപടിയുമായി എത്തി. മൂല്യനിർണയ ക്യാമ്പിൽ സ്ഥിരമായി പങ്കെടുക്കാത്ത അദ്ധ്യാപകർക്കെതിരായ പ്രതിഷേധാർഹമെന്ന നിലയിലാണ് ഉത്തരക്കടലാസുകൾ തിരിച്ചയച്ചതെന്നും, മേൽപ്പറഞ്ഞ പ്രതിഷേധം കൊണ്ട് ഒരു വിദ്യാർത്ഥിയുടേയും റിസൾട്ട് വൈകിയിട്ടില്ലെന്ന് ദീപ വിശദീകരിക്കുന്നു. എല്ലാവരും പങ്കെടുക്കുകയാണെങ്കിൽ ഒന്നോരണ്ടോ ദിവസം കൊണ്ട് അവസാനിക്കേണ്ട ക്യാമ്പുകൾ ആളുകൾ വരാത്തതിനാൽ ഒന്നും രണ്ടും ആഴ്ചകൾ നീണ്ടുപോകുമ്പോൾ ക്ലാസ്സിൽ ഹാജരാകുന്ന വിദ്യാർത്ഥികളുടെ പഠിപ്പും ഭാവിയുമൊന്നും ആരുടേയും വൈകാരികവിക്ഷോഭങ്ങളിൽ ഇടം പിടിക്കാത്തത് വിചിത്രമാണ്. വെക്കേഷനുകളിലടക്കം മൂല്യനിർണയക്യാമ്പുകളിൽ സ്ഥിരമായി ഹാജരാകുന്ന ആളുകളുടെ പേര് ഇങ്ങനെ കാണുമ്പോൾ പൊതുജനം വിശ്വസിച്ചേക്കും എന്നൊരു മെച്ചം ഇത്തരം ആരോപണങ്ങൾക്കുണ്ട്. സമർത്ഥമായി അതിനിടയിൽ യഥാർത്ഥപ്രതികൾ മറഞ്ഞിരിക്കുകയും ചെയ്യും. ഇത് പൊക്കിക്കൊണ്ടു തന്നവർ ഇതൊന്നും പറഞ്ഞു തരാൻ വഴിയില്ലെന്നറിയാം. വെറുതെ പറഞ്ഞെന്നേയുള്ളു. അങ്ങ് ജോലി തുടർന്നോളൂവെന്നും ജയശങ്കറിന് നൽകിയ മറുപടിയിൽ ദീപ പറയുന്നു.