
ബിഗ്‌ബോസ് മലയാളം സീസൺ നാലിൽ ഏറെ ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ രണ്ടുപേരായിരുന്നു റോബിൻ രാധാകൃഷ്ണനും ദിൽഷപ്രസന്നനും. ഇരുവരും തമ്മിലുള്ള സൗഹൃദം സമൂഹമാദ്ധ്യമങ്ങളിലും മറ്റും ഏറെ ആഘോഷിക്കപ്പെട്ടിരുന്നു. ദിൽഷയെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ താത്പര്യമുണ്ടെന്നും പല അഭിമുഖങ്ങളിലും റോബിൻ വെളിപ്പെടുത്തിയിരുന്നു. എന്നാലിപ്പോൾ റോബിന്റെ വിവാഹവാർത്തകളാണ് പുറത്തുവരുന്നത്. റോബിൻ തന്നെയാണ് ആരാധകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്. വധു ദിൽഷയല്ലെന്നും റോബിൻ വ്യക്തമാക്കി.
പലരും പറയുന്നുണ്ട് തന്റെ എൻഗേജ്‌മെന്റ് കഴിഞ്ഞുവെന്ന്. എന്നാൽ ഇതുവരെ കഴിഞ്ഞിട്ടില്ല. പക്ഷേ താൻ കമ്മിറ്റഡ് ആണ്. ആരതി പൊടിയാണ് വധു. വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകുമെന്നും റോബിൻ വെളിപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു ഉദ്ഘാടനവുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് താരം ആരാധകരോട് മനസുതുറന്നത്.
നടിയും മോഡലും സംരംഭകയുമായ ആരതിക്കൊപ്പം റോബിൻ പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോയുമെല്ലാം ഏറെ ശ്രദ്ധനേടിയിരുന്നു. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ പരക്കുന്നതിനിടെയാണ് റോബിന്റെ വെളിപ്പെടുത്തൽ.