
കാബൂൾ: അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവെന്ന് കണക്കുകൾ. അടുത്തിടെ നടന്ന ടാക്‌സി ഡ്രൈവറുടെ കൊലപാതകം ഇതിന് ഉദാഹരണമാണ്.
ടാക്‌സി ഓടിക്കുന്നതിനിടെ അറുപത്തിനാലുകാരനായ ടാക്‌സി ഡ്രൈവറെ ആയുധധാരികളായ മോഷ്ടാക്കൾ ചേർന്ന് കടത്തികൊണ്ടുപോവുകയായിരുന്നു. പിറ്റേദിവസം മസർ- ഇ- ഷെരീഫ് പൊലീസ് ജില്ലയ്ക്ക് സമീപത്തായി അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്. എന്നാൽ ഇതുവരെ ആരെയും പൊലീസ് പിടികൂടിയിട്ടില്ല.
കുറച്ച് ദിവസങ്ങൾക്ക് മുന്നേ നംഗർഹാർ സ്വദേശിയായ അദ്ധ്യാപകൻ ജലബാദ് സിറ്റിയിൽ കൊല്ലപ്പെട്ടിരുന്നു. ഒരു മോഷ്ടാവിന്റെ കുത്തേറ്റാണ് അദ്ധ്യാപകൻ കൊല്ലപ്പെട്ടത്. ഓഗസ്റ്റ് അഞ്ചിന് നാല് പേർ ചേർന്ന് ഒരാളെ തീവച്ച് കൊന്നതും മാദ്ധ്യമങ്ങളിൽ വാർത്തയായിരുന്നു.
താലിബാൻ അധികാരം പിടിച്ചെടുത്ത് ഒരുവർഷം പിന്നിട്ട വേളയിൽ രാജ്യത്ത് തൊഴിലില്ലായ്മയും പട്ടിണിയും അതികരിച്ചിരിക്കുകയാണ്. ഇക്കാരണങ്ങളാൽതന്നെ ആത്മഹത്യയുടെയും പരസ്പരം ഏറ്റുമുട്ടുന്നതിന്റെയും എണ്ണവും വർദ്ധിച്ചിരിക്കുന്നു. ഭീകരമായ മാനുഷിക സംഘർഷങ്ങളിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. 23 ദശലക്ഷത്തിലധികം ആളുകൾക്ക് വിവിധ തരത്തിലെ സഹായങ്ങൾ ആവശ്യമാണെന്ന് അഫ്ഗാനിസ്ഥാനിലെ യുണൈറ്റഡ് നേഷൻസ് അസിസ്റ്റൻസ് മിഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
രാജ്യത്ത് യുദ്ധം അവസാനിച്ചെങ്കിലും സ്ത്രീകൾ, കുട്ടികൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരായി ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ തുടരുകയാണ്. രാജ്യം മാനുഷിക പ്രതിസന്ധിയുമായി പൊരുതുന്നതിനിടെ ദശലക്ഷക്കണക്കിന് അഫ്ഗാനികളാണ് പട്ടിണിയുടെ വക്കിൽ ജീവിക്കുന്നത്.