
കണ്ണൂർ:കണ്ണൂർ സർവകലാശാലയിൽ അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗീസിന്റെ നിയമനത്തിന് സ്റ്റേ. രണ്ടാം റാങ്കുകാരൻ ജോസഫ് സ്കറിയയുടെ ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിനെ അസോസിയേറ്റ് പ്രൊഫസർ നിയമന പട്ടികയിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോ ജോസഫ് സ്കറിയ ഹൈക്കോടതിയെ സമീപിച്ചത്. പ്രിയ വർഗീസ് അനധികൃതമായി നിയമനം നേടുകയാണെന്നും അസോസിയേറ്റ് പ്രൊഫസർ നിയമനപട്ടികയിൽ നിന്ന് അവരെ ഒഴിവാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
അസോസിയേറ്റ് പ്രൊഫസർ നിയമനത്തിന് പരിഗണിച്ച ആറ് റിസർച്ച് സ്കോളർമാരിൽ ഏറ്റവും പിന്നിലായിരുന്നു പ്രിയ വർഗീസ്. റിസർച് സ്കോറിൽ 651 മാർക്കോടെ ഒന്നാമനായിരുന്ന ജോസഫ് സ്കറിയയെ 156 മാർക്കു മാത്രമുണ്ടായിരുന്ന പ്രിയ വർഗീസ് അഭിമുഖം കഴിഞ്ഞപ്പോൾ രണ്ടാമനാക്കി മാറ്റി ഒന്നാം സ്ഥാനത്തെത്തി. പ്രിയയ്ക്ക് അഭിമുഖത്തിൽ ലഭിച്ച മാർക്ക് 32 ആണ്, ജോസഫ് സ്കറിയയ്ക്ക് 30ഉം. പ്രിയ വർഗീസിന് ഒന്നാം റാങ്ക് നൽകിയത് വിവാദമായതിനു പിന്നാലെ നിയമന നടപടികൾ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മരവിപ്പിച്ചിരുന്നു.