ഏതൊക്കെ തരത്തിലെ വിദേശ ഭക്ഷണങ്ങൾ ഇഷ്ടപ്പെട്ടാലും നാടൻ വിഭവങ്ങളോടുള്ള മലയാളികളുടെ പ്രിയം ഒരിക്കലും കുറയില്ല. നാടൻ മീൻ കറിയും വറുത്ത മീനുമൊക്ക ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്. മീൻ ഇനങ്ങളിൽ ഒട്ടുമിക്ക പേർക്കും ഇഷ്ടമുളളതാണ് വാള. നല്ല മൃദുലമായ കഴിക്കാൻ ഏറെ രുചിയുള്ള മീനാണ് ഇത്തവണത്തെ എപ്പിസോഡിൽ പാകം ചെയ്യുന്നത്.
വാള മീൻ കറിയ്ക്ക് ആവശ്യമായ ചേരുവകൾ
കഴുകി വൃത്തിയാക്കി വേളപ്പാര മീൻ കറികഷ്ണങ്ങളാക്കിയത്, പൊരിക്കാനുള്ള വലിയ കഷ്ണങ്ങളും
ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി. ചെറിയ ഉള്ളി
തക്കാളി
മുളക് പൊടി
മഞ്ഞൾ പൊടി
കുരുമുളക് പൊടി
മല്ലിപ്പൊടി
വെളിച്ചെണ്ണ
ജീരകം
ഉലുവ
കടുക്
കറിവേപ്പില
തയ്യാറാക്കുന്ന വിധം
ആദ്യം ചെറിയ ഉള്ളി ചെറുതായി അരിഞ്ഞത്, ഇഞ്ചി ചെറുതായി അരിഞ്ഞത്, തക്കാളി അരിഞ്ഞത്, പച്ചമുളക് രണ്ടായി കീറിയത് എന്നിവ മാറ്റിവയ്ക്കുക. ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകിട്ട് പൊട്ടിക്കണം. ഇതിൽ ഉലുവ, കറിവേപ്പില എന്നിവ ഇട്ടതിന് ശേഷം വെളുത്തുള്ളി, ചെറിയ ഉള്ള എന്നിവ ചേർക്കണം.
ഒരു വലിയ സ്പൂൺ മുളക് പൊടി, ഒരു സ്പൂൺ മല്ലിപ്പൊടി എന്നിവ ചേർത്തതിന് ശേഷം തക്കാളി, പച്ചമുളക് എന്നിവ ചേർത്ത് ഇളക്കണം. പിന്നാലെ പുളിവെള്ളം ചേർക്കണം. കൂട്ട് വറ്റിവരുമ്പോൾ ആവശ്യത്തിന് ഉപ്പ് ചേർത്ത് കുറച്ച് വെള്ളം കൂടി ചേർത്തുകൊടുക്കാം. തുടർന്ന് മീൻ കഷ്ണങ്ങൾ ചേർത്ത് വേവിക്കണം.
പിന്നാലെ ഒരു ചട്ടിയിൽ ഉപ്പ്, മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി എന്നിവ കുറച്ച് വെള്ളം ചേർത്ത് കുഴച്ചെടുത്ത് പൊരിക്കാനുള്ള മീനിൽ കൂട്ട് നന്നായി തേച്ചുപിടിപ്പിച്ച് മാറ്റിവയ്ക്കണം. പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കി അതിൽ മസാല ചേർത്ത് വച്ചിരിക്കുന്ന മീൻ വറുത്തെടുക്കണം.
