mattannur-election

കണ്ണൂർ: ഇടതിന്റെ കോട്ടയെന്നാണ് മട്ടന്നൂർ അറിയപ്പെടുന്നത്. ആ കോട്ടയ‌്ക്ക് ഇന്ന് ഇളക്കം സംഭവിച്ചിരിക്കുകയാണ്. മട്ടന്നൂർ നഗരസഭ തിരഞ്ഞെെടുപ്പിൽ കഴിഞ്ഞതവണത്തേതിന്റെ ഇരട്ടി സീറ്റുകളാണ് യുഡിഎഫ് പിടിച്ചെടുത്തിരിക്കുന്നത്. 1997ൽ നഗരസഭ രൂപീകരിച്ചതിന് ശേഷമുള്ള അഞ്ച് തിരഞ്ഞെടുപ്പിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ച ഇടതുമുന്നണിക്ക് വലിയ ക്ഷീണം തന്നെയാണ് ഇന്ന് പുറത്തുവന്നിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലം. മൊത്തം വാർഡുകളിലെ ഇരുമുന്നണികളുടേയും വോട്ട് വ്യത്യാസം കണക്കാക്കുമ്പോൾ നാലായിരത്തോളം വോട്ടുകളുടെ മുൻതൂക്കം മാത്രമാണ് എൽഡിഎഫിന് ലഭിച്ചത്.

ആകെ 35 സീറ്റുകളിലേക്കായി 111 സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. 17,185 പുരുഷന്മാരും 19,060 സ്ത്രീകളും രണ്ട് ട്രാൻസ്‌ജെൻഡറുകളുമടക്കം 36,247 വോട്ടർമാരാണ് മട്ടന്നൂർ നഗരസഭയിലുള്ളത്. ഫലം വന്നപ്പോൾ 21 സീറ്റിൽ എൽഡിഎഫും 14 സീറ്റിൽ യുഡിഎഫും വിജയിച്ചു. തങ്ങൾക്കെതിരെ ഒരു സാമുദായിക ധ്രുവീകരണത്തിന് യുഡിഎഫ് ശ്രമിച്ചുവെന്നാണ് എൽഡിഎഫിന്റെ ആരോപണം. മുസ്ലിംലീഗ് ഇത്തരത്തിലുള്ള ഒരു ധ്രുവീകരണത്തിന് നേതൃത്വം നൽകിയെന്നും സിപിഎം ആരോപിക്കുന്നു.

മുൻ ആരോഗ്യമന്ത്രിയും സിപിഎം കേന്ദ്രകമ്മിറ്റി അംഗവുമായ കെ കെ ശൈലജ റെക്കോഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച മണ്ഡലമാണ് മട്ടന്നൂർ. ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 60000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ശൈലജ വിജയിച്ചത്. ശൈലജ ടീച്ചർ വോട്ട് ചെയ‌്ത ഇടവേലിക്കലിൽ കെ രജതയാണ് വിജയിച്ചത്. 661 വോട്ടുകൾ ഇവർ നേടി. എന്നിരുന്നാലും, മന്ത്രിമാരായ എം.വി.ഗോവിന്ദൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ, സി.പി.എം. പി.ബി. അംഗം എ.വിജയരാഘവൻ തുടങ്ങിയവർ എൽഡിഎഫിന്റെ പ്രചാരണത്തിന് എത്തിയിട്ടും കോട്ടകൾ സംരക്ഷിക്കാൻ എൽഡിഎഫിനായില്ല എന്നത് പാർട്ടിയിൽ നിരാശയുടെ നിഴൽ വീഴ്‌ത്തിയിട്ടുണ്ട്.

അതേസമയം, മികച്ച പ്രകടനം കാഴ്‌ച വയ‌്ക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിലാണ് യുഡിഎഫ് നേതൃത്വം. എൽഎഡിഎഫ് കോട്ടയായ മട്ടന്നൂരിൽ സീറ്റ് ഇരട്ടിയാക്കി മാറ്റിയിരിക്കുകയാണ് യുഡിഎഫ്. തൃക്കാക്കരക്ക് പിന്നാലെ നടന്ന സുപ്രധാന രാഷ്ട്രീയ പോരിൽ ഇടതുകോട്ടയ്ക്ക് ഇളക്കമുണ്ടാക്കിയതിന്റേയും ആവേശത്തിലാണ് സംസ്ഥാനത്തുടനീളമുള്ള യുഡിഎഫ് പ്രവർത്തകരും നേതൃത്വവും.

2012ൽ നടന്ന തിരഞ്ഞെടുപ്പിൽ 14 വാർഡുകൾ നേടിയതാണ് യുഡിഎഫ് മട്ടന്നൂരിൽ നേടിയ ഏറ്റവും മികച്ച പ്രകടനം. 2010ലെ തദ്ദേശ പൊതു തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫ് തീർത്ത തരംഗത്തിന്റെ അലയൊലികളുടെ ഭാഗമായിരുന്നു ഇതും. ആറിൽ നിന്നാണ് അന്ന് 14ലേക്ക് ഉയർന്നത്. എന്നാൽ 2017ൽ ഏഴിലേക്ക് കൂപ്പുകുത്തി. നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കലായിരുന്നു ഇത്തവണ യുഡിഎഫിന്റെ പ്രഥമ പരിഗണന. ആ ലക്ഷ്യം കൈവരിക്കാനായതാണ് യുഡിഎഫിന്റെ പ്രധാന നേട്ടം.


മട്ടന്നൂരിൽ എൽ.ഡി.എഫിന് സമ്പൂർണ ആധിപത്യമുണ്ടായിരുന്ന എട്ട് സീറ്റുകളാണ് യു.ഡി.എഫ് പിടിച്ചെടുത്തത്. ഒരു വാർഡ് നാല് വോട്ടിനാണ് പരാജയപ്പെട്ടത്. നാല് സീറ്റുകൾ കൂടി നേടിയിരുന്നെങ്കിൽ ഭരണം പിടിച്ചേനെയെന്ന വിലയിരുത്തലും യുഡിഎഫ് ക്യാമ്പിലുണ്ട്.

കഴിഞ്ഞ തവണ ചിലയിടങ്ങളിൽ രണ്ടാം സ്ഥാനത്ത് എത്താൻ കഴിഞ്ഞ ബിജെപിക്ക് ഇത്തവണ അതുപറയാനുള്ള അവസരവും ലഭിച്ചിട്ടില്ല. ആകെ ആശ്വാസം എന്ന് പറയാവുന്നത് മട്ടന്നൂർ ടൗൺ വാർഡിലെ ബിജെപി സ്ഥാനാർത്ഥി എ മധുസൂദനന്റെ പ്രകടനമാണ്. യുഡിഎഫ് സ്ഥാനാർത്ഥി കെ വി പ്രശാന്തിനോട് 12 വോട്ടുകൾക്ക് പരാജയപ്പെട്ട് ഇദ്ദേഹം രണ്ടാം സ്ഥാനത്ത് എത്തി.

1991ലാണ് മട്ടന്നൂരിനെ ആദ്യം നഗരസഭയായി ഉയർത്തിയത്. എന്നാൽ അതേ വർഷം ഭരണത്തിൽ എത്തിയ യുഡിഎഫ് സർക്കാർ മട്ടന്നൂരിനെ വീണ്ടും പഞ്ചായത്താക്കി മാറ്റി. ഇതിനെതിരെ എൽഡിഎഫ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് 1992ൽ മട്ടന്നൂരിന് നഗരസഭാ പദവി തിരിച്ചു നൽകുകയായിരുന്നു. ജീവനക്കാരുടെ ദൗർലഭ്യം കാരണം വർഷങ്ങളോളം നഗരസഭയായി പ്രവർത്തിച്ചിരുന്നില്ല. സ്‌പെഷ്യൽ ഓഫീസറുടെ കീഴിലായിരുന്നു ഭരണം. 1997ലാണ് പിന്നീട് തെരഞ്ഞെടുപ്പ് നടന്നത്. അന്നു മുതൽ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് വ്യത്യസ്‌തമായാണ് ഇവിടെ തിരഞ്ഞെടുപ്പ് നടക്കുന്നത്.