
രജനികാന്തിനെ നായകനാക്കി നെൽസൻ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ജയിലർ'. വിജയ് നായകനായെത്തിയ 'ബീസ്റ്റി'ന് ശേഷം നെൽസൻ ഒരുക്കുന്ന ചിത്രമാണിത്. രമ്യ കൃഷ്ണൻ, കന്നട നടൻ ശിവരാജ് കുമാർ തുടങ്ങി വൻ താരനിരയാണ് ജയിലറിൽ അണിനിരക്കുന്നത്.
അനിരുദ്ധ് രവിചന്ദർ ആണ് ജയിലറിന് സംഗീത സംവിധാനം ഒരുക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രമാണ് ജയിലർ.

ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. സോൾട്ട് ആന്റ് പെപ്പർ ലുക്കിലാണ് രജനി ചിത്രത്തിലെത്തുന്നത്. സൺ പിക്ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരനാണ് 'ജയിലർ' നിർമിക്കുന്നത്. ചിത്രത്തിൽ ഐശ്വര്യ റായിയും ശിവകാർത്തികേയനും എത്തുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
നെൽസൻ-വിജയ് കൂട്ടുകെട്ടിലെത്തിയ ചിത്രം പ്രേക്ഷകർ പ്രതീക്ഷിച്ച നിലയിൽ എത്തിയിരുന്നില്ല. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. എന്നാൽ ബോക്‌സോഫീസിൽ ചിത്രം പിടിച്ചുനിന്നു. വിജയ്ക്ക് പിന്നാലെ വരുന്ന രജനീകാന്ത് ചിത്രം മികവ് പുലർത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.