മൂന്നാറിലടക്കം കേരളത്തിന്റെ ഭൂമി സംരക്ഷിക്കാൻ പോരാടിയ ഐ.എ.എസ് ഉദ്യോഗസ്ഥ നിവേദിത പി.ഹരൻ വിരമിച്ച് എട്ടുവർഷം പിന്നിടുമ്പോഴും ഇടയ്ക്കിടെ കേരളത്തിലേക്ക് വരാറുണ്ട്. ഈ നാടിന്റെ മണം മറക്കില്ലെന്ന് അവർ പറയുന്നു.ഡൽഹിയിൽ തെരുവിന്റെ മക്കൾക്ക് സൗജന്യമായി പഠനവും പരിശീലനവും നൽകുന്ന ആധാർശിലയെന്നൊരു സ്ഥാപനം നയിക്കുകയാണ് ഇപ്പോൾ നിവേദിത

വ്യക്തിപരമായ എന്തെങ്കിലും ആവശ്യങ്ങൾക്കൊ, നേട്ടങ്ങൾക്കോ വേണ്ടിയല്ല ഞാൻ വീണ്ടും വീണ്ടും ഇവിടേക്ക് വരുന്നത്.ഇൗ വീട് വാടക നൽകി ഇപ്പോഴും നിലനിറുത്തുന്നതിനെ എന്റെ കുടുംബം തമാശയ്ക് കളിയാക്കാറുണ്ട്.വാടകവീടൊരു വെള്ളാനയാണെന്നാണ് അവർ പറയുന്നത്. എന്നാലും ഞാൻ വരുന്നു.കേരളത്തിന്റെ മണം എനിക്കത്രയ്ക്കിഷ്ടമാണ്.അതനുഭവിക്കാൻ വേണ്ടി മാത്രമാണ് ഈ മടക്കയാത്രകൾ.-കേരളത്തിൽ സേവനമനുഷ്ഠിച്ച ഐ.എ.എസുകാരിൽ കാര്യപ്രാപ്തിയും ഇച്ഛാശക്തിയും സത്യസന്ധതയും കൊണ്ട് ശ്രദ്ധേയയായ മുൻ അഡീഷണൽ ചീഫ് സെക്രട്ടറി നിവേദിത പി.ഹരൻ സംസാരിക്കുകയായിരുന്നു.ഒരിടവേളയ്ക്കുശേഷം  ഹ്രസ്വ സന്ദർശനത്തിന് തിരുവനന്തപുരത്തെത്തിയതായിരുന്നു അവർ.മൂന്നാറിലടക്കം സർക്കാരിന്റെ ഭൂമി സംരക്ഷിക്കാൻ ധീരമായി പോരാടിയ നിവേദിതയെ കേരളത്തിന് ഒരിക്കലും മറക്കാനാവില്ല. പേരൂർക്കട അമ്പലമുക്കിനു സമീപത്തെ വീട്ടിലിരുന്നു തന്റെ സർവീസ് കാലത്തെക്കുറിച്ചും ഇപ്പോഴത്തെ പരിപാടികളെക്കുറിച്ചും നിവേദിത സംസാരിച്ചു.
2014 ഒടുവിലാണ് നിവേദിത സർവ്വീസിൽ നിന്ന് വിരമിച്ചത്.പിന്നീട് ഹൈദരാബാദിൽ അർദ്ധ സർക്കാർ സ്ഥാപനമായ സെന്റർ ഫോർ ഇന്നവേഷനിൽ ഒരു വർഷം ഡയറക്ടറായി പ്രവർത്തിച്ചു. തുടർന്ന് ഡൽഹിയിലേക്ക് മടങ്ങി.ഭൂട്ടാനിൽ അംബാസിഡറായിരിക്കെ ഫോറിൻ സർവ്വീസിൽ നിന്ന് വിരമിച്ച ഭർത്താവ് വി.പി.ഹരനൊപ്പം ഡൽഹിയിലെ ഗ്രേറ്റർ നോയിഡയിലുള്ള ഐ.എഫ്.എസ് കോളനിയിലാണ് താമസം.ഐ.എഫ്.എസുകാരനായ ഹരനെ മുസോറിയിലെ ട്രെയിനിംഗിനിടെയാണ് പരിചയപ്പെടുന്നതും ആ അടുപ്പം പ്രണയത്തിലൂടെ വിവാഹത്തിലേക്കെത്തുന്നതും.ഹരൻ തമിഴ്നാട് സ്വദേശിയാണ്. ഈ ദമ്പതികൾക്ക് ഒരു മകളുണ്ട്. അനുപമ.ഭർത്താവ് പരാഗിനൊപ്പം ആസ്ട്രേലിയയിലാണ്. അച്ഛൻ ഐ.എഫ്.എസും അമ്മ ഐ.എ.എസുമാണെങ്കിലും മകളെ അവളുടെ ഇഷ്ടത്തിന് വിടുകയാണ് ചെയ്തത്. ആസ്ട്രേലിയയിൽ വൊഡാഫോൺ മാർക്കറ്റിഗ് ഹെഡ് ആയിരിക്കെ അനുപമ ജോലി രാജിവച്ചു.സ്വന്തമായി സ്റ്റാർട്ടപ്പ് സിഡ്നിയിൽ തുടങ്ങി.ബേക്കറിയാണ്.ഫ്രാഞ്ചൈസിക്ക് പലരും തിരക്കുകൂട്ടുന്നെങ്കിലും ഗുണമേന്മയിൽ വിട്ടുവീഴ്ചയ്ക്കില്ലാത്തതിനാൽ എക്സ്ക്ളൂസീവായി മുന്നോട്ടുകൊണ്ടുപോവുകയാണ്. കൊൽക്കത്തയിലെ 24 പർഗാനയാണ് നിവേദിതയുടെ നാട്.അച്ഛൻ എസ്.എം.ദത്ത സിവിൽസർവ്വീസ് (ഇന്ത്യൻ ആഡിറ്റ് ആൻഡ് അക്കൗണ്ട്സ് സർവീസ്) ഉദ്യോഗസ്ഥനായിരുന്നു.അമ്മ രേഖ ദത്ത വിദ്യാസമ്പന്നയായ വീട്ടമ്മയയായിരുന്നു. സഹോദരൻ സുബ്രതോ ദത്ത സ്വകാര്യമേഖലയിൽ പ്രവർത്തിക്കുന്നു.സഹോദരി സുചരിത ബാർക്കിൽ ന്യൂക്ളിയർ സയന്റിസ്റ്റാണ്. അച്ഛനും അമ്മയും മരിച്ചതോടെ കുടുംബവീട് എൻ.ജി.ഒയ്ക്കു നൽകി.
ആധാർശില
ഡൽഹിയിലെ ഏറ്റവും മോടിയുള്ള കോളനിയാണ് ഗ്രേറ്റർ നോയിഡയിലെ ഐ.എഫ്.എസ് കോളനി.നിവേദിത പുറത്തൊക്കെ പോകുമ്പോൾ കാണുന്ന കാഴ്ച വല്ലാതെ അലോസരപ്പെടുത്തുന്നതായിരുന്നു. കുട്ടികൾ രാവിലെ മുതൽ വൈകുന്നേരം വരെ തെരുവിൽ കളിയുമൊക്കെയായി കറങ്ങി നടക്കുന്നു.നിരക്ഷരരായി വളരുന്നു.അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് 2017 ൽ ആധാർശിലയുടെ ജനനം.പാവപ്പെട്ട കുടിയേറ്റ തൊഴിലാളികളുടെ മക്കളാണ് അവർ.ഈ കുട്ടികളെ സഹായിക്കണമെന്ന ആശയം നിവേദിത ഫേസ്ബുക്കിൽ പങ്കുവച്ചപ്പോൾ ഐ.ടി പ്രൊഫഷണൽസിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്.സമൂഹത്തിനു എന്തെങ്കിലും തിരിച്ചുകൊടുക്കാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് അവർ വന്നപ്പോൾ നേതൃത്വം നൽകാൻ നിവേദിത മുന്നിട്ടിറങ്ങി.ആറുമാസം വീതം ബാച്ചുകളായി ഈ കുട്ടികളെ അടിസ്ഥാന വിവരങ്ങൾ പഠിപ്പിച്ചു.തുടർന്ന് ഗവൺമെന്റ് സ്കൂളുകളിൽ വിട്ടു.നല്ല പ്രതികരണമാണ് ലഭിച്ചത്.കൊവിഡ് തുടങ്ങിയപ്പോൾ മൈഗ്രന്റ് വർക്കേഴ്സ് പലരും നാടുകളിലേക്ക് മടങ്ങി.അങ്ങനെ താത്ക്കാലികമായി പ്രവർത്തനം മുടങ്ങി.ഇതിലെല്ലാം താത്പര്യമുള്ള ഗ്രേറ്റർ നോയിഡയുടെ സി.ഇ.ഒ ഇപ്പോൾ നിവേദിതയെ സമീപിച്ചിരിക്കുകയാണ്.അടിസ്ഥാന വിവരങ്ങൾക്കൊപ്പം സ്കില്ലുകൾ പഠിപ്പിക്കാനും കൂടി തുടങ്ങുകയാണ്.എന്തെങ്കിലും തൊഴിൽ പഠിപ്പിച്ചാൽ അവർക്ക് പ്രയോജനപ്രദമാവുമല്ലോ.അടുത്തമാസം മുതൽ ആധാർശിലയുടെ പ്രവർത്തനം പൂർണ്ണതോതിൽ പുനഃരാരംഭിക്കും.അതിന്റെ ജീവാത്മാവും പരമാത്മാവും നിവേദിത തന്നെ.ജെ.എൻ.യുവിൽ adjunct പ്രൊഫസറായ നിവേദിത അസീം പ്രേംജി യൂണിവേഴ്സിറ്റിയിലടക്കം പലയിടത്തും ലക്ചർ നടത്താറുണ്ട്.
എന്റെ ഭൂമി ട്രസ്റ്റ്
സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്ത ഉടൻ തിരുവനന്തപുരത്ത് എന്റെ ഭൂമി ട്രസ്റ്റ് നിവേദിത രജിസ്റ്റർ ചെയ്തു.ഭൂമി സംബന്ധമായ വിഷയങ്ങളിൽ ഉപദേശം നൽകുക, പരിശീലനം നൽകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ആരംഭിച്ചത്.ഒരു അഭിഭാഷകനും രണ്ട് റിട്ടയേർഡ് ഐ.എ.എസ് ഉദ്യോഗസ്ഥരും സഹായിക്കാനെത്തി. ഇതിനുവേണ്ടി രണ്ടുമാസത്തിലൊരിക്കൽ നിവേദിത കേരളത്തിൽ വന്നു പോയിരുന്നു.അമ്പലമുക്കിൽ വീടും വാടകയ്ക്കെടുത്തു.കൊവിഡ് കാലമായതോടെ യാത്ര മുടങ്ങി. വസ്തു സംബന്ധിയായ വിവരങ്ങളിൽ പലരും അജ്ഞരാണെന്ന് നിവേദിത പറയുന്നു.ഉദാഹരണത്തിന് വായ്പയെടുക്കുന്നവരിൽ നിന്നും ബാങ്കുകൾ ഈട് വാങ്ങുമ്പോൾ പ്രമാണത്തിന്റെയും മറ്റും ഒറിജിനൽ കോപ്പി വാങ്ങിവെയ്ക്കുന്നത് ശരിയല്ലെന്നാണ് നിവേദിതയുടെ അഭിപ്രായം ഇത് നഷ്ടപ്പെടുകയോ കാണാതാവുകയൊ ചെയ്താൽ ആരാണ് സമാധാനം പറയുക. കോപ്പി വാങ്ങാനെ നിയമപരമായി വ്യവസ്ഥയുള്ളു.പക്ഷേ വായ്പയും മറ്റും ലഭിക്കാൻ ഉപഭോക്താക്കൾ ഏത് നിബന്ധനകൾക്കും വഴങ്ങും.
പറയാനുള്ളത് പറയും
ആരുടെ മുഖത്തുനോക്കിയും പറയാനുള്ളത് വെട്ടിത്തുറന്നു പറയാൻ നിവേദിതയ്ക്കു മടിയില്ല. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനാണ് സിവിൽ സർവീസസ് പെരുമാറ്റച്ചട്ടം പഠിപ്പിക്കുന്നത്.സിവിൽ സർവീസിന്റേത് സ്റ്റീൽ ഫ്രെയിമാണ്.എന്ത് തീരുമാനങ്ങളെടുക്കുമ്പോഴും അത് ജനോപകാരപ്രദമാകണം. മന്ത്രിമാർ ഒക്കെ തിരഞ്ഞെടുക്കപ്പെട്ടുവരുന്നവരാണ്. അവർക്ക് ജോലി നടക്കണമെന്നേയുള്ളു. അത് ആരായാലും അങ്ങനെതന്നെ. കേരളത്തിൽ എല്ലാ മുന്നണികൾക്കും മിക്ക രാഷ്ട്രീയ നേതാക്കൾക്കുമൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. തിരിഞ്ഞുനോക്കുമ്പോൾ എല്ലാം നല്ലതായിരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ ഒരു വിഷയത്തിലുള്ള മന്ത്രിസഭായോഗം തീരുമാനം നടപ്പിലാക്കാതെ കാബിനറ്റ് നോട്ടിൽ വിവരങ്ങൾ കുറവാണെന്നും കൂടുതൽ വിവരങ്ങൾ വേണമെന്നും ആവശ്യപ്പെട്ടു.അതിന്റെ പേരിലാണ് അന്ന് സ്ഥലം മാറ്റിയത്.ഞാൻ അതൊന്നും കാര്യമാക്കിയില്ല. എതിർപ്പുകൾ സ്വാഭാവികമായും ഉണ്ടാകും .പ്രത്യേകിച്ചും ഭൂമിയുടെ കാര്യമാകുമ്പോൾ ബ്യൂറോക്രാറ്റുകളടക്കം നിക്ഷിപ്ത താത്പര്യക്കാർ ഒട്ടേറെയുണ്ടാകും. .അപ്പോൾ ഒരു പോരാളിയെപ്പോലെ പൊരുതണം.ഗോൾഫ് ക്ളബ്ബ് ഏറ്റെടുക്കുമ്പോൾ എന്റെ പല സഹപ്രവർത്തകരും സമീപിച്ചു.എന്താ നിവേദിത ഇത് ഒഴിവാക്കിക്കൂടെ എന്നു ചോദിച്ചു.ഞാൻ ഒരു പ്രിൻസിപ്പലിന്റെ ഭാഗമായാണ് അത് ചെയ്തത്.അല്ലാതെ ആരോടും വിരോധം വച്ചായിരുന്നില്ല.ഗോൾഫ് ക്ളബ്ബ് മെമ്പർഷിപ്പ് തരാമെന്നാെക്കെ അവർ പറഞ്ഞു.എന്റെ വിഷയം അതൊന്നുമല്ലല്ലോ.പിന്നീട് വിദേശത്തു നിന്ന് എന്റെ സുഹൃത്തുക്കൾ വന്നപ്പോൾ അവർക്ക് ഗോൾഫ് കളിക്കാനായി ഞാൻ അവിടെത്തന്നെ മണിക്കൂറിന് 550 രൂപ വാടകകൊടുത്ത് ഗോൾഫ് കളിച്ചിട്ടുണ്ട്.ഡൽഹിയിൽ നഗരവികസന ജോയിന്റ് സെക്രട്ടറിയായിരിക്കെ 2000 ഹെക്ടർപ്രദേശത്തെ കൈയ്യേറ്റം ഒഴിപ്പിച്ചു.ഐ.കെ.ഗുജ്രാൾ,ദേവഗൗഡ,വാജ്പേയ് എന്നിവരോടൊപ്പം പ്രവർത്തിച്ചു.എന്തെങ്കിലും നിരാശയുണ്ടായോ എന്ന ചോദ്യത്തിനുള്ള മറുപടി ഇങ്ങനെയായിരുന്നു. 'ഞാൻ ഒന്നും ഹൃദയത്തിലേക്കെടുക്കില്ല.ജോലി പൂർത്തിയാക്കി ഒരു സംഗീതക്കച്ചേരി കേൾക്കാൻ പോകുമ്പോൾ എന്റെ മനസിൽ ഓഫീസിലെ പ്രശ്നങ്ങളോ ഭൂമി വിഷയങ്ങളോ ഉണ്ടാവില്ല.നമ്മൾ വിവേകബുദ്ധിയോടെ പെരുമാറണം. ഒരു മന്ത്രിക്കോ,മുൻ മന്ത്രിക്കോ മുൻ ബ്യൂറോക്രാറ്റിനോ വേണ്ടി നിയമം മാറ്റാൻ പാടില്ല.നിയമം ഒരു വിഭാഗത്തിനു മുന്നിൽ മാത്രം അന്ധമാക്കുന്നതെങ്ങനെ?എല്ലാവർക്കും നിയമം ഒരുപോലെ ബാധകമാകണം" നിവേദിത പറഞ്ഞു .മൂന്നാർ ഭൂമി സംരക്ഷിച്ചതിനു പിന്നിൽ ശക്തമായ നിലപാട് സ്വീകരിച്ചത് നിവേദിതയായിരുന്നു.റവന്യു സെക്രട്ടറിയായി ആറര വർഷം പ്രവർത്തിച്ചു. ആർക്കും താത്പര്യമില്ലാത്ത പ്രോബ്ളം പോസ്റ്റാണത് . താൻ എൻജോയ് ചെയ്താണ് വർക്ക് ചെയ്തതെന്ന് അവർ പറഞ്ഞു .
രാഷ്ട്രീയക്കാരുമായിട്ടൊക്കെ നല്ല ബന്ധമായിരുന്നു.എന്നോട് ചോദിച്ചാൽ വ്യക്തമായ പൊളിറ്റിക്കൽ അഡ്വൈസ് ലഭിക്കുമെന്ന് ഒരു മന്ത്രി ജോക്ക് അടിക്കുമായിരുന്നു.ബാലൻസ്ഡ് ആയ പൊളിറ്റിക്കൽ ഉപദേശങ്ങൾ. രാഷ്ട്രീയ നീക്കങ്ങൾ ഞാൻ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നു.ഉപദേശം ചോദിച്ച ചിലർക്ക് രാഷ്ട്രീയ ഉപദേശവുംനൽകിയിട്ടുണ്ട്.ആർക്കാണെന്ന് പറയില്ല.അതൊക്കെ നല്ല രസമുള്ള കാര്യമായിരുന്നു.
ഒറ്റപ്പാലം സബ്കളക്ടറായിട്ടാണ് നിവേദിതയുടെ ആദ്യ പോസ്റ്റിംഗ്.അന്ന് കേരളം വളരെ ലളിതവും നിഷ്കളങ്കവുമായിരുന്നു.ഇന്ന് അതിൽ മാറ്റം ഉണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് വീട് വയ്ക്കാതിരുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ , ഹരനാണ് തമിഴ്നാട്ടിലെ കുടുംബവീട്. കേരളത്തിൽ വീട് വയ്ക്കുന്നതിനോട് അവർക്കാർക്കും താത്പ്പര്യമില്ല. ഭർത്താവ് തന്നെപ്പോലെ ഒരു കേരള ഫാനല്ലെന്നു പറഞ്ഞ് നിവേദിത ചിരിച്ചു.
(ലേഖകന്റെ ഫോൺ : 9946108234)

കൊസോവോയിൽ ബസ് ഒാടിച്ചപ്പോൾ
2000-2005 കാലയളവിൽ യു.എൻ.പീസ് കീപ്പിംഗ് മിഷന്റെ ഭാഗമായി കൊസോവോയിലായിരുന്നു നിവേദിത.അന്ന് അവിടെ അൽബേനിയൻസും സെർബിയൻസും തമ്മിൽ ആഭ്യന്തര കലാപം നടക്കുന്നകാലമാണ്. അക്കാലത്ത് അമ്മ എന്നോട് ചോദിച്ചു പേടിയുണ്ടോയെന്ന്.എനിക്ക് അങ്ങനെ പേടിയില്ല. ഞാൻ അവിടെ യു.എൻ.അഡ്മിനിസ്ട്രേറ്ററായിരുന്നു.എന്റെ കാലത്താണ് ആദ്യമായി സെർബും അൽബേനിയൻസും ഒരു മുറിയിൽ ഒരുമിച്ച് ചർച്ചയ്ക്കിരുന്നത്.പരസ്പരം കണ്ടാൽ കൊല്ലുന്നവരായിരുന്നു അവർ.സെർബും അൽബേനിയൻസും ഒരു സ്കൂൾബസിൽ യാത്ര ചെയ്തു.ആദ്യം അതിന് ആരും തയ്യാറായില്ല. ഞാൻ ബസ് ഓടിക്കാമെന്ന് പറഞ്ഞപ്പോൾ അവർ സമ്മതിച്ചു. ഞാൻ ആദ്യ സർവ്വീസ് ഓടിച്ചു.ഒരിക്കൽ വാഹനമോടിച്ചുപോകുമ്പോൾ ഒരു സ്ത്രീ റോഡരികിൽ നിന്ന് കൈവീശി.നല്ല മഞ്ഞ് വീഴ്ചയുണ്ട് .ഞാൻ വണ്ടി നിർത്തി.അവരുടെ ഭർത്താവ് മഞ്ഞിൽ വീണ് കാലൊടിഞ്ഞു സഹായം തേടുകയാണ് .ഞാൻ ഉടനെ അവരെ വാഹനത്തിൽ ആശുപത്രിയിലെത്തിച്ചു. അടുത്ത ദിവസം യു.എൻ സെക്യൂരിറ്റിയിൽ നിന്ന് ഒരു മെമ്മോ കിട്ടി.എന്തു ധൈര്യത്തിലാണ് അനുമതിയില്ലാതെ കാറിൽ അജ്ഞാതരെ കയറ്റിയതെന്ന് ചോദിച്ചായിരുന്നു അത്. ദുരിതത്തിലായവരെ സഹായിക്കുന്നതല്ലാതെ അധികാരം കാട്ടുന്നതാണോ യു.എന്നിന്റെ ജോലി എന്ന് രൂക്ഷമായി പ്രതികരിച്ചു.അതവിടെ വലിയ ചർച്ചയായിരുന്നു.
ഗിറ്റാർ പ്രിയങ്കരം
സുനിൽ ഗാംഗുലി ഗിറ്റാറിൽ വായിച്ചതെന്ന് ആകാശവാണിയിൽ കേട്ടിട്ടില്ലേ.ആ സുനിൽ ഗാംഗുലിയുടെ കീഴിലാണ് നിവേദിത ഗിറ്റാർ പഠിച്ചത്. തിരക്കിട്ട ഒൗദ്യോഗിക പരിപാടികൾക്കിടയിലും തിരുവനന്തപുരത്തെ സംഗീതക്കച്ചേരികൾ മുടങ്ങാതെ കേൾക്കാനെത്തുമായിരുന്നു.മദ്രാസ് മ്യൂസിക് അക്കാദമി പ്രോഗ്രാമുകൾക്കും മുടങ്ങാതെ പങ്കെടുക്കും.സൻജയ് സുബ്രഹ്മണ്യവും സിക്കിൾ ഗുരുചരണുമാണ് പ്രി യപാട്ടുകാർ.