yaanam

ചെന്നൈ: ബഹിരാകാശ ഗവേഷണത്തിൽ ലോകത്തിനാകെ പുത്തനറിവുകൾ സമ്മാനിക്കുകയും ഐ.എസ്.ആർ.ഒയുടെയും ഇന്ത്യൻ ശാസ്ത്രജ്ഞരുടെയും വൈദഗ്ദ്ധ്യം വിളിച്ചോതുകയും ചെയ്‌ത ചൊവ്വാ ദൗത്യമായ 'മംഗൾയാന്റെ' കഥപറയുന്ന സംസ്കൃത ഡോക്യുമെന്ററി 'യാനം' ചെന്നൈ സാളിഗ്രാമത്തെ പ്രസാദ് പ്രിവ്യൂ തിയേറ്ററിൽ പ്രദർശിപ്പിച്ചു. ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.എസ്. സോമനാഥ് ഉദ്ഘാടനം ചെയ്‌തു. ലോകത്തെ ആദ്യ സയൻസ്-സംസ്കൃത ഡോക്യുമെന്ററിയാണിത്.

ഐ.എസ്.ആർ.ഒയുടെ പൂർണപിന്തുണയോടെ ഒരുക്കിയ ഡോക്യുമെന്ററി നിർമ്മിച്ചത് എ.വി.എ ഗ്രൂപ്പ് ചെയർമാൻ ഡോ.എ.വി. അനൂപ് നയിക്കുന്ന എ.വി.എ പ്രൊഡക്‌ഷൻസാണ്. തിരക്കഥ, സംവിധാനം വിനോദ് മങ്കര. കാമറ: എസ്.ബി.​ സജിത്ത്. എഡിറ്റർ: വിഷ്‌ണു പുളിയറ. സംഗീതം: പ്രകാശ് ഉള്ളിയേരി. സൗണ്ട് എഫക്‌ട്‌സ് ആൻഡ് മിക്‌സിംഗ്: എൻ. ഷാബു. വിവരണം: അലിയാർ. ലാംഗ്വേജ് സപ്പോർട്ട്: ഡോ.ഒ.എസ്. സുധീഷ്. കല: അനിൽ താനാവൂർ. ഡിസൈൻ:ഭട്ടതിരി.

അമേരിക്ക,​ ചൈന,​ യൂറോപ്യൻ യൂണിയൻ എന്നിവയ്ക്കുശേഷം വിജയകരമായി ചൊവ്വാദൗത്യം നിർവഹിച്ച നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ ഡോ. കെ. രാധാകൃഷ്‌ണന്റെ ആത്മകഥയായ 'മൈ ഒഡീസി'യെ ആസ്പദമാക്കിയാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ഐ.എസ്.ആർ.ഒ,​ മംഗൾയാൻ,​ ഇന്ത്യൻ സ്‌പേസ് ശാസ്ത്രജ്ഞർ എന്നിവയുടെ മികവുകളും സംസ്കൃതഭാഷയുടെ പൈതൃകവും ലോകത്തിന് മുന്നിൽ വ്യക്തമാക്കുക കൂടിയാണ് ലക്ഷ്യമിടുന്നത്. റോക്കറ്റ്,​ സാറ്റലൈറ്റ് നിർമ്മാണം,​ ലോഞ്ചിംഗ്,​ കൺട്രോൾ ഒഫ് ഇന്റർപ്ളാനറ്റെറി ട്രാവൽ തുടങ്ങിയ കാര്യങ്ങൾ ഡോക്യുമെന്ററി വിശദമാക്കുന്നു.

ഡോ.കെ. രാധാകൃഷ്‌ണൻ,​ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്‌ടർ ഡോ. ഉണ്ണിക്കൃഷ്‌ണൻ,​ സധീഷ് ധവാൻ സ്‌പേസ് സെന്റർ ഡയറക്‌ടർ ഡോ.രാജരാജൻ,​ രവി കൊട്ടാരക്കര,​ ഡോ.എ.വി. അനൂപ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.