സംഗീത സംവിധായകൻ ആർ. സോമശേഖരൻ യാത്രയായി

അധികം പാട്ടുകളൊന്നും ആർ.സോമശേഖരൻ ഒരുക്കിയിട്ടില്ല. ആ പാട്ടുകളിലെല്ലാം കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്.
ജാതകം സിനിമയിലെ പുളിയിലക്കരയോലും പുടവചുറ്റി എന്ന ഗാനം മതി ആർ. സോമശേഖരൻ എന്ന സംഗീത സംവിധായകനെ എന്നെന്നും ഒാർമ്മിക്കാൻ. അനുജൻ സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു ജാതകം. ഒ.എൻ.വി കുറുപ്പിന്റെ രചനയിൽ പിറന്ന ഗാനം ആലപിച്ചത് യേശുദാസ്. സംഗീത സംവിധായകൻ മാത്രമല്ല ഗായകനുമായിരുന്നു ആർ. സോമശേഖരൻ.അൻപതോളം സിനിമകൾക്കുവേണ്ടി ഇൗണമിട്ട സോമശേഖരൻ സിനിമയിൽ നിന്ന് ഇടവേള എടുത്തു പ്രവാസ ജീവിതത്തിലേക്ക് പോയി. ഒരു പതിറ്റാണ്ടിനുശേഷം മടങ്ങിയെത്തിയപ്പോൾ തുടക്കം പോലെ ശോഭിക്കാനായില്ല.സീരിയലുകളിലേക്കും ആൽബങ്ങളിലേക്കും ചുവടുമാറുകയാണ് ഉണ്ടായത്.ആർദ്രം, വേനൽക്കാലം, ബ്രഹ്മാസ്ത്രം, അയാൾ, മിസ്റ്റർ പവനായി, ഇൗ അഭയതീരം തുടങ്ങിയവയാണ് സംഗീത സംവിധാനം നിർവഹിച്ച മറ്റു സിനിമകൾ. 2019 ൽ പുറത്തിറങ്ങിയ തുരീയം എന്ന ചിത്രമാണ് ആർ.സോമശേഖരന്റെ ഇൗണത്തിൽ പുറത്തിറങ്ങിയ അവസാന ചിത്രം. ഒരുപാട് ഈണങ്ങൾ ബാക്കിവച്ചാണ് ആർ.സോമശേഖരൻ യാത്രയായത്.