
കൊച്ചി: പ്രളയവും പെരുമഴയും കൊവിഡും തുടരെ സൃഷ്‌ടിച്ച പ്രതിസന്ധികളിൽ നിന്ന് കേരളം മെല്ലെ കരകയറിയതോടെ രണ്ടുവർഷത്തെ ഇടവേളയ്ക്കുശേഷം ഓണക്കാലം വീണ്ടും ഷോപ്പിംഗിന്റെ ഉത്സവകാലമാകുന്നു. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ മുങ്ങി 2020, 2021 വർഷങ്ങളിലെ ഓണം പൊലിഞ്ഞിരുന്നു. ജനജീവിതം സാധാരണനിലയിലായതോടെ ഇക്കുറി വില്പന മികച്ചതാകുമെന്ന പ്രതീക്ഷയിലാണ് കച്ചവടലോകം.
കമ്പനികൾ നേരിട്ടുനൽകുന്നതിന് പുറമേ കച്ചവടക്കാരും പ്രത്യേക ഓഫറുകളുമായി രംഗത്തുള്ളത് ഷോറൂമുകളിൽ തിരക്കുവർദ്ധിപ്പിക്കുന്നുണ്ട്. ഫിനാൻസ് സ്കീമുകളും ഡിജിറ്റൽ പേമെന്റുകൾക്ക് ലഭിക്കുന്ന കാഷ്ബാക്കുകളും കച്ചവടത്തിന് കരുത്താകുകയാണെന്ന് പ്രമുഖ റീട്ടെയിൽ ശൃംഖലയായ അജ്‌മൽ ബിസ്‌മി ഗ്രൂപ്പിന്റെ സാരഥി വി.എ. അജ്മൽ 'കേരളകൗമുദി"യോട് പറഞ്ഞു.
ഓണം അതിന്റെ പൂർണപകിട്ടോടെ തിരിച്ചെത്തിയതോടെ വസ്ത്രവിപണിയിലും തിരക്കേറിയിട്ടുണ്ട്. വിവാഹ സീസൺ കൂടിയായതിനാൽ കച്ചവടം ഉഷാറാണ്. കേരളത്തിലെ പ്രതിവർഷ വസ്ത്രവില്പനയുടെ 30-40 ശതമാനം നടക്കുന്നത് ഓണക്കാലത്താണ്. കൊവിഡിന് മുമ്പത്തേതിന്റെ 50 ശതമാനത്തിൽ താഴെ വില്പനയാണ് കഴിഞ്ഞ ഓണക്കാലത്ത് ഈ മേഖലയിൽ നടന്നത്. ഇക്കുറി പൂർണമായ തിരിച്ചുവരവുണ്ടാകുമെന്നാണ് വിപണിയുടെ പ്രതീക്ഷ.
ഓഫർ മഴയും വമ്പൻ സമ്മാനങ്ങളും
ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ വിപണിയിലും ഓണക്കച്ചവടം സജീവം. മൈജി, അജ്‌മൽ ബിസ്‌മി, ഗോപു നന്തിലത്ത്, ഓക്‌സിജൻ തുടങ്ങിയവയെല്ലാം ആകർഷക ഓഫറുകളുമായി ഉപഭോക്താക്കളെ വരവേറ്റുകഴിഞ്ഞു. എൽജി., ഗോദ്‌റെജ് തുടങ്ങിയ കമ്പനികളും മികച്ച ഓഫറുകളും വമ്പൻ സമ്മാനങ്ങളുമായി രംഗത്തുണ്ട്. എൽജി 550 കോടി രൂപയുടെ വിറ്റുവരവാണ് ഇക്കുറി ഉന്നമിടുന്നത്; ഗോദ്‌റെജിന് ലക്ഷ്യം 175 കോടി രൂപ.
25 കോടി രൂപയുടെ സമ്മാനങ്ങളാണ് എൽജി നൽകുന്നത്. ഗോദ്‌റെജ് ഓരോ ദിവസവും ഒരുലക്ഷം വരെ കാഷ്‌പ്രൈസ്. 30 ദിവസത്തിനകം അഞ്ചുകോടിയുടെ സമ്മാനങ്ങളാണ് മൈജി നൽകുക.
സ്മാർട്ടാകാൻ ഫോൺ, ടിവി വില്പന
കൊവിഡിന് മുമ്പ് (2019ലെ ഓണക്കാലത്ത്) കേരളത്തിൽ വിറ്റഴിഞ്ഞത് 800-1000 കോടി രൂപയുടെ സ്മാർട്ട്‌ഫോണുകളാണ്. കഴിഞ്ഞവർഷം ഇത് 600 കോടി രൂപയോളമായിരുന്നു. ഇക്കുറി വില്പന ആയിരം കോടി കടക്കുമെന്നാണ് പ്രതീക്ഷ. ഓണത്തിന് മലയാളികൾ ഒരുലക്ഷത്തോളം പുത്തൻ ടിവികൾ വാങ്ങാറുണ്ട്. ഇക്കുറിയും ഈ ട്രെൻഡ് ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. റഫ്രിജറേറ്റർ, വാഷിഗ് മെഷീൻ എന്നിവയ്ക്കും മികച്ച ഡിമാൻഡുണ്ട്.
പൊന്നിന് നേട്ടമായി കല്യാണക്കാലം
കൊവിഡ് നിയന്ത്രണങ്ങൾ അയഞ്ഞതോടെ കല്യാണ സീസണും ഊർജം വീണ്ടെടുത്തത് ഏറ്റവുമധികം നേട്ടമാകുന്നത് സ്വർണ വ്യാപാരമേഖലയ്ക്കാണ്. സാധാരണ ഒരുദിവസം കേരളത്തിൽ 400-600 കിലോ സ്വർണം വിറ്റുപോകാറുണ്ട്. വിവാഹ സീസൺ കൂടിയായ ഓണക്കാലത്ത് ഇത് 800-1000 കിലോ വരും.