asamov

മോസ്‌കോ: ഇന്ത്യൻ ഭരണപക്ഷത്തെ പ്രമുഖനെ ചാവേർ ആക്രമണത്തിൽ വധിക്കാൻ ലക്ഷ്യമിട്ട ഐസിസ് ഭീകരനെ റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരി​റ്റി സർവീസ് (എഫ്.എസ്.ബി) പിടികൂടി. ഏത് നേതാവിനെയാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തമല്ല. തുർക്കിയിൽ നിന്ന് പരിശീലനം നേടിയാണ് ഇയാൾ റഷ്യയിലെത്തിയത്. ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമം ഇന്ത്യ ആരംഭിച്ചു.

കിർഗിസ്ഥാനോ ഉസ്‌ബെക്കിസ്ഥാനോ ആവാം ഇയാളുടെ സ്വദേശമെന്നും ആക്രമണത്തിനുള്ള ഫണ്ട് കാശ്മീർ കേന്ദ്രീകരിച്ചുള്ള ഐസിസ് ഘടകത്തിന് കിട്ടിയിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്.റഷ്യൻ മാദ്ധ്യമങ്ങൾ പുറത്തുവിട്ട 57 സെക്കന്റ് ദൈർഘ്യമുള്ള ചോദ്യംചെയ്യൽ വീഡിയോയിൽ,​ പ്രവാചക നിന്ദയ്‌ക്ക് പ്രതികാരം വീട്ടാനാണ് ഭീകരാക്രമണ പദ്ധതിതെന്ന് ഇയാൾ പറയുന്നു.

'അസമോവ് മഷഹോന്റ് " എന്നാണ് വീഡിയോയിൽ ഭീകരൻ തന്റെ പേര് പറയുന്നത്. ഇക്കൊല്ലമാണ് റഷ്യയിലെത്തിയെന്നും ഇവിടെ നിന്ന് ഇന്ത്യയിലേക്ക് കടന്ന് ആക്രമണം നടത്തുകയായിരുന്നു ലക്ഷ്യമെന്നും പറയുന്നു. ഏപ്രിൽ - ജൂൺ കാലയളവിലെ തുർക്കി സന്ദർശനത്തിനിടെയാണ് ഇയാളെ ഐസിസ് റിക്രൂട്ട് ചെയ്തത്. ടെലിഗ്രാം ആപ്പിലൂടെയും ഇസ്താംബുളിൽ ഐസിസ് പ്രതിനിധിയുമായി നടത്തിയ കൂടിക്കാഴ്ചകളിലൂടെയുമാണ് ആക്രമണ നിർദ്ദേശങ്ങൾ ഇയാൾക്ക് ലഭിച്ചത്.

'യൂസഫ്" എന്നയാളുടെ നിർദ്ദേശപ്രകാരമാണ് തുർക്കിയെയിൽ പ്രത്യേക പരിശീലനം ലഭിച്ചത്. ഇന്ത്യയിൽ ഒരാളെ കാണാനും നിർദ്ദേശമുണ്ടായിരുന്നു. സുരക്ഷാ കാരണങ്ങളാൽ കൂടുതൽ വിവരങ്ങൾ എഫ്.എസ്.ബി പുറത്തുവിട്ടിട്ടില്ല.

അതേ സമയം, കിർഗിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള രണ്ട് ഭീകരർ ആക്രമണത്തിന് എത്തുമെന്ന സൂചന ഒരു വിദേശ ഇന്റലിജൻസ് ഏജൻസി ജൂലായ് 27ന് ഇന്ത്യയ്ക്ക് കൈമാറിയിരുന്നെന്നും വിവരമുണ്ട്. ഇവർ റഷ്യ വഴി ഇന്ത്യയിലെത്തുമെന്നും ആഗസ്റ്റിൽ ഇന്ത്യയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാൻ റഷ്യൻ എംബസിയെ സമീപിക്കുമെന്നുമായിരുന്നു വിവരം. ഇക്കാര്യം ഇന്ത്യ റഷ്യയ്ക്ക് കൈമാറിയിരുന്നെന്നും പറയുന്നു.

 അൽ - ക്വഇദ ഭീഷണിയും

ബി.ജെ.പി വക്താവായിരുന്ന നൂപുർ ശർമ്മ നടത്തിയ വിവാദ പ്രവാചക പരാമർശത്തെ തുടർന്ന് ഇന്ത്യയിൽ ആക്രമണം നടത്താൻ ഐസിസ് ജൂണിൽ ആഹ്വാനം ചെയ്തിരുന്നു. നൂപുറിന് നേരെ വിവിധ ഭീകര കേന്ദ്രങ്ങളിൽ നിന്ന് ഭീഷണി തുടരുന്നുണ്ട്. അൽ-ക്വഇദ കഴിഞ്ഞയാഴ്ച ഭീഷണി ആവർത്തിക്കുകയും ചെയ്തു. മുംബയ് ഉൾപ്പെടെ നഗരങ്ങളിൽ ചാവേർ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കിയിരുന്നു. ഉസ്‌ബക്കിസ്ഥാനിൽ അടുത്തിടെ നടന്ന ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ കൂടിക്കാഴ്ചയിൽ വർദ്ധിച്ചുവരുന്ന ഐസിസ് ഭീഷണിയിൽ ഇന്ത്യൻ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് വിക്രം മിസ്‌റി ആശങ്ക അറിയിക്കുകയും ചെയ്തു.

 കെ.ജി.ബിയുടെ പിൻഗാമി എഫ്.എസ്.ബി

ലോകത്തെ ഏറ്റവും മികച്ച രഹസ്യാന്വേഷണ ഏജൻസികളിലൊന്നായിരുന്ന സോവിയറ്റ് യൂണിയന്റെ കെ.ജി.ബിയുടെ പിൻഗാമിയാണ് എഫ്.എസ്.ബി. ഇന്റലിജൻസ്, ആഭ്യന്തരം, അതിർത്തി സുരക്ഷ, ഭീകരവാദ വിരുദ്ധ നിരീക്ഷണം, ഫെഡറൽ നിയമ ലംഘനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾ നടത്തുന്നു. 1995ൽ സ്ഥാപിതമായി.