
ലാലിഗയിൽ ബാഴ്സയ്ക്ക് സീസണിലെ ആദ്യ ജയം
ലാലിഗയിൽ ഗോളടി തുടങ്ങി ലെവൻ
കളി തിരിച്ചത് അൻസു ഫാറ്റി
സാൻ സെബാസ്റ്റ്യൻ: സ്‌പാനിഷ് ലാലിഗയിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ റയൽ സോസിഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സീസണിലെ ആദ്യ ജയം നേടി സൂപ്പർ ക്ലബ് ബാഴ്സലോണ. പോളിഷ് ഗോളടിയന്ത്രം റോഓബർട്ട് ലെവൻഡോവ്‌സ്കിയുടേയും യുവ വിസ്മയം അൻസു ഫാറ്റിയുടെയും മുന്നേറ്റ മികവിലാണ് ബാഴ്സ ഗംഭീര ജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ ഒന്നാം മിനിട്ടിൽ തന്നെ ലെവൻഡോവ്സ്കിയിലൂടെ ബാഴ്സ ലീഡെടുത്തു. എന്നാൽ ആറാം മിനിട്ടിൽ അലക്സാണ്ടർ ഇസാക്ക് സോസിഡാഡിനെ ഒപ്പമെത്തിച്ചു. 1-1എന്ന നിലയിലാണ് സമനിലയ്ക്ക് പിരിഞ്ഞത്. 63-ാം മിനിട്ടിൽ ഫെറാൻ ടോറസിനെ പിൻവലിച്ച് അൻസു ഫാറ്റിയെ കളത്തിലിറക്കാനുള്ള കോച്ച് സാവിയുടെ തീരുമാനം മത്സരം ബാഴ്സയ്ക്ക് അനുകൂലമാക്കുകയായിരുന്നു. തുടർന്ന് ബാഴ്സ നേടിയ മൂന്ന് ഗോളുകളിൽ ഒരെണ്ണം അടിയ്ക്കുകയും രണ്ടെണ്ണത്തിന് പാസ് നൽകുകയും ചെയ്തത് ഫാറ്റി ആയിരുന്നു. ലെവൻ രണ്ട് ഗോളും ഒരു അസിസ്റ്റുമായി കളം നിറഞ്ഞു. ഔസ്മനെ ഡെംബലേയും ഒരു ഗോൾ നേടി.
ഗോൾ നിമിഷങ്ങൾ
1-ാം മിനിട്ട് : ബാൾഡേയിൽ നിന്ന് ലഭിച്ച പന്ത് ബോക്സിനുള്ളിൽ നിന്ന് ഇടങ്കാലൻ ഷോട്ടിലൂടെ ലെവൻഡോവ്സ്കി ഗോളാക്കി. ബാഴ്സ മുന്നിൽ1-0
6-ാം മിനിട്ട്: ഒപ്പം പൊരുതിയ ബാഴ്സ ഡിഫൻഡർ എറിക് ഗാർസിയയേയും അഡ്വാൻസ് ചെയ്ത ഗോളി ടെർസ്റ്റേഗനേയും നിഷ്പ്രഭരാക്കി ഇസാക്കിന്റെ ക്ലിനിക്കൽ ഫിനിഷ്. സോസിഡാഡിന് സമനില 1-1
66-ാം മിനിട്ട് ഫാറ്റിയുടെ ബാക്ക് ഹീൽ പാസ് സ്വീകരിച്ച് ബോക്സിന്റെ ഇടത് ഭാഗത്ത് നിന്ന് താടുത്ത ശക്തമായ ഇടങ്കാലൻ ഷോട്ടിലൂടെ ഡെംബലെ ഗോളാക്കി. ബാഴ്സയ്ക് ലീഡ് 2-1
68-ാം മിനിട്ട്:രണ്ട് മിനിട്ടിന് ശേഷം ബോക്സിനുള്ളിൽ നിന്ന് ഫാറ്റി നൽകിയ പാസ് ഗംഭീരമായി ലെവൻ വലയ്‌ക്കകത്താക്കി. 3-1
79-ാം മിനിട്ട്: ബോക്സിന് തൊട്ട് വെളിയിൽ നിന്ന് ലെവെ കൊടുത്ത പാസ് ഗോൾമുഖത്തിന് പുറംതിരിഞ്ഞ് സ്വീകരിച്ച് വെട്ടിത്തിരിഞ്ഞ് ഫാറ്റിയുടെ ഫിനിഷ്. 4-1.
ഏഴഴകിൽ
പി.എസ്.ജി
പാരീസ് : ഫ്രഞ്ച് ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ പി.എസ്.ജി ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ലില്ലെയെ തരിപ്പണമാക്കി. എംബാപ്പെ ഹാട്രിക്ക് നേടിയ മത്സരത്തിൽ നെയ്മർ രണ്ട് ഗോളടിച്ചു. മെസിയും ഹക്കീമിയും ഓരോ തവണ ലക്ഷ്യം കണ്ടു. മൂന്ന് അസിസ്റ്റുകളും നെയ്മർ നൽകി. കളി തുടങ്ങി എട്ട് സെക്കൻഡിനുള്ളിൽ മെസി നൽകിയ പന്ത് ഗോളാക്കി എംബാപ്പെ പി.എസ്.ജിക്ക് ലീഡ് സമ്മാനിച്ചു. ലീഗ് വണ്ണിലെ ഏറ്റവും വേഗമേറിയ ഗോളെന്ന റെക്കാഡിനൊപ്പം എത്തി ഈ ഗോൾ.
സിറ്റിയ്ക്ക് 
ന്യൂകാസിൽ പൂട്ട്
ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ന്യൂകാസിലിനെതിരെ തോൽവിയുടെ വക്കിൽ നിന്ന് സമനിലയുമായി തടിതപ്പി. സ്കോർ 3-3. അറുപതാം മിനിട്ട് വരെ 1-3ന് പിന്നിലായിരുന്നു സിറ്റി. തുടർന്ന് 61-ാം മിനിട്ടിൽ ഹാളണ്ടും 64-ാം മിനിട്ടിൽ ബെർണാഡോയും സിറ്രിയ്ക്കായി ഗോൾ നേടിയതടെയാണ് മത്സരം സമനിലയായത്.