
കൊളംബോ : ആണവ, മിസൈൽ, ബഹിരാകാശ സംവിധാനങ്ങളിലെ സിഗ്നലുകൾ ചോർത്താൻ കഴിയുന്ന ചൈനയുടെ വിവാദ ചാരക്കപ്പലായ ' യുവാൻ വാംഗ് -5 " ശ്രീലങ്കൻ തുറമുഖം വിട്ടു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4 മണിയ്ക്കാണ് കപ്പൽ തുറമുഖം വിട്ടത്. ചൈനയിലെ ജിയാംഗ് യിൻ തുറമുഖത്തേക്കാണ് ഇനി പോവുക. ആറ് ദിവസത്തെ സന്ദർശനത്തിനായി ആഗസ്റ്റ് 16ന് രാവിലെ 8.20നാണ് ഇന്ധനം നിറയ്ക്കാനെന്ന പേരിൽ കപ്പൽ ഹാംബൻതോട്ടയിലടുപ്പിച്ചത്.
ചൈനീസ് എംബസി അഭ്യർത്ഥിച്ച സഹായങ്ങൾ കപ്പലിന് ശ്രീലങ്ക നൽകിയതായി ഹാംബൻതോട്ട തുറമുഖ അധികൃതർ പറഞ്ഞു. ശ്രീലങ്കൻ കടലിൽ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം ഓൺ ആക്കി വയ്ക്കണമെന്നും ഗവേഷണങ്ങൾ പാടില്ലെന്നുമുള്ള നിബന്ധനയോടെയാണ് കപ്പലിനെ ഹാംബൻതോട്ടയിലേക്ക് പ്രവേശിപ്പിച്ചത്.
ആഗസ്റ്റ് 11നാണ് ഹാംബൻതോട്ടയിൽ എത്തേണ്ടിയിരുന്നതെങ്കിലും ഇന്ത്യയുടെയും യു.എസിന്റെയും ആശങ്കയുടെ പശ്ചാത്തലത്തിൽ ശ്രീലങ്ക അനുമതി നൽകാൻ വൈകുകയായിരുന്നു. ഇന്ത്യയും അമേരിക്കയും എതിർപ്പിന് വ്യക്തമായ കാരണം നൽകിയില്ലെന്ന് കാട്ടി ആഗസ്റ്റ് 13ന് കപ്പൽ പ്രവേശനത്തിന് ശ്രീലങ്ക അനുമതി നൽകി.
750 കിലോമീറ്റർ ആകാശ പരിധിയിലും കടലിലെയും കരയിലെയും സിഗ്നലുകൾ ചോർത്താൻ കഴിയുന്ന കപ്പൽ ഇന്ത്യയിലെ ഐ.എസ്.ആർ.ഒ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് ഭീഷണിയാകുമെന്ന് ആശങ്ക നിലനിന്നിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിൽ കപ്പലിന് മേൽ ഇന്ത്യയുടെ ശക്തമായ നിരീക്ഷണ വലയമുണ്ടായിരുന്നു. ചൈനീസ് വായ്പയിൽ നിർമ്മിച്ച ഹാംബൻതോട്ട തുറമുഖം 2017 മുതൽ ചൈന 99 വർഷത്തേക്ക് പാട്ടത്തിനെടുത്തിരിക്കുകയാണ്.