
തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ എസ്‌എഫ്‌ഐ-പൊലീസ് സംഘർഷം. കോഴ്‌സ് കാലാവധി പൂർത്തിയാക്കിയ എസ്‌എഫ്‌ഐ നേതാവായ വിദ്യാർത്ഥിയെ വീണ്ടും അതേ കോഴ്‌സിന് തിരിച്ചെടുക്കണം എന്ന് എസ്‌എഫ്‌ഐ പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ രോഹിത്ത് രാജ് എന്ന ഈ വിദ്യാർത്ഥി മുൻപും നിരവധി തവണ അച്ചടക്ക നടപടി നേരിട്ടയാളാണ്. ഇത് സൂചിപ്പിച്ച് വിദ്യാർത്ഥികളുടെ ആവശ്യം നിരാകരിച്ച പ്രിൻസിപ്പലിനെ പ്രവർത്തകർ മുറിയിൽ പൂട്ടിയിട്ടു.
വിദ്യാർത്ഥിയെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ അപേക്ഷ നൽകിയത് പ്രിൻസിപ്പൽ തളളിക്കളഞ്ഞതാണ് പ്രകോപനത്തിന് കാരണമായത്. വൈകിട്ട് അഞ്ച് മണിയോടെ സംഘടിച്ചെത്തിയ വിദ്യാർത്ഥികൾ വീണ്ടും ആവശ്യം ഉന്നയിക്കുകയും പ്രിൻസിപ്പലിന്റെ മുറി പൂട്ടിയശേഷം പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു.
വിവരമറിഞ്ഞെത്തിയ പൊലീസിനെ കോളേജിലേക്ക് പ്രവേശിപ്പിക്കാതിരിക്കാൻ പ്രവർത്തകർ ഗേറ്റ് പൂട്ടിയെങ്കിലും പൊലീസ് ബലംപ്രയോഗിച്ച് ഗേറ്റ് തുറന്ന് അകത്തെത്തി പ്രിൻസിപ്പലിനെ റൂമിൽ നിന്നും പുറത്തിറക്കി. ഇതിനിടെ തടയാനെത്തിയ പ്രവർത്തകരെ പൊലീസ് ലാത്തിവീശി ഓടിച്ചു. സംഭവത്തിന് പിന്നിലുളള അഞ്ച് എസ്‌എഫ്‌ഐ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. ഇവർ മർദ്ദിച്ചതിനെ തുടർന്ന് നാല് പൊലീസുകാർക്കും പരിക്കുണ്ട്.