
കോട്ടയം: സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് ചിരട്ടക്കടവ് കാർത്തികയിൽ റിട്ട.ദേവസ്വം ബോർഡ് കമ്മിഷണർ സി.കെ ഗോപിയുടെ മകൻ അനന്തു ഗോപി (28), സ്‌കൂട്ടർ യാത്രക്കാരനായ മുട്ടുചിറ പേട്ടയിൽ അമൽ ജോസഫ് (23) എന്നിവരാണ് മരിച്ചത്. കുറുപ്പന്തറ മാഞ്ഞൂർ കണ്ടമലയിൽ രഞ്ജിത്ത് രാജു, ഞീഴൂർ തെക്കേമലയിൽ ജോബി ജോസ് എന്നിവർക്കാണ് പരിക്കേറ്റത്. അനന്തു ഞീഴൂർ ഐ.എച്ച്.ആർ.ഡി കോളേജിലെ ഗസ്റ്റ് അദ്ധ്യാപകനാണ്. ഇന്നലെ രാവിലെ 9.15 ഓടെ കടുത്തുരുത്തി - കുറവിലങ്ങാട് റോഡിൽ പാലാകര ഭാഗത്തായിരുന്നു അപകടം.
ഇടറോഡിൽ നിന്ന് പ്രധാന റോഡിലേക്ക് അമിത വേഗതയിൽ വന്ന മൂന്നുപേർ സഞ്ചരിച്ച സ്‌കൂട്ടർ പ്രധാന റോഡിലൂടെ പോയ ബുള്ളറ്റ് ബൈക്കിൽ ഇടിക്കുകയായിരുന്നു. അതുവഴി വന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മിയുടെ നേതൃത്വത്തിലാണ് അപകടത്തിൽ പെട്ടവരെ ആശുപത്രിയിൽ എത്തിച്ചത്. ജോബി മുട്ടുചിറ ആശുപത്രിയിൽ ചികിത്സയിലാണ്. രഞ്ജിത്തിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
അനന്തു രാവിലെ കോളേജിലേക്ക് പോകവെയാണ് അപകടത്തിൽ പെട്ടത്. മാതാവ്: സുശീല (റിട്ട.എച്ച്.എം). സഹോദരൻ: വിഷ്ണു. ഭാര്യ: ആതിര (എഡ്യുക്കേഷൻ കൺസൾട്ടന്റ് ). സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.