russia

മോസ്കോ : റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ അടുത്ത അനുയായിയും തീവ്ര ദേശീയ രാഷ്ട്രീയ തത്വചിന്തകനുമായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന ( 29 ) ശനിയാഴ്ച രാത്രി മോസ്കോയിലുണ്ടായ കാർ ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പിന്നിൽ യുക്രെയിനെന്ന് റഷ്യ. ഡാരിയയുടെ വധത്തിന് പിന്നിൽ യുക്രെയിന്റെ സ്പെഷ്യൽ സർവീസ് ഏജൻസികൾ ആണെന്നും യുക്രെയിൻ സ്വദേശിനിയായ നതാലിയ പവ്‌ലോ‌വ്‌ന വൊവ്‌ക് ആണ് കുറ്റകൃത്യം നടത്തിയതെന്നും റഷ്യയുടെ സുരക്ഷാ ഏജൻസിയായ ഫെഡറൽ സെക്യൂരി​റ്റി സർവീസ് (എഫ്.എസ്.ബി) പറഞ്ഞു. 1979ൽ യുക്രെയിനിൽ ജനിച്ച നതാലിയ 2022 ജൂലായ് 23ന് തന്റെ മകളുമായാണ് റഷ്യയിലെത്തിയതെന്ന് എഫ്.എസ്.ബി പറയുന്നു. 'നതാലിയയിലൂടെ യുക്രെയിൻ സ്പെഷ്യൽ സർവീസസ് കുറ്റകൃത്യം ആസൂത്രണം ചെയ്ത് നടപ്പാക്കി. ഡാരിയ താമസിച്ചിരുന്ന അതേ ബിൽഡിംഗിലെ ഒരു അപ്പാർട്ട്‌മെന്റിൽ നതാലിയ താമസമാക്കി. ഡാരിയയുടെ ജീവിതത്തെയും രീതികളെയും പറ്റി വിവരങ്ങൾ ചോർത്തി. കൊല നടന്ന ദിവസം ഡാരിയ പങ്കെടുത്ത സാഹിത്യ - സംഗീത ഫെസ്റ്റിവലിൽ നതാലിയയും 12 വയസുള്ള മകളും പങ്കെടുത്തു. ഡാരിയ സഞ്ചരിച്ചിരുന്ന കാറിനെ നിയന്ത്രിത സ്ഫോടനത്തിന് വിധേയമാക്കിയ ശേഷം ഡാരിയയും മകളും എസ്റ്റോണിയയിലേക്ക് കടന്നു. ഒരു മിനി കൂപ്പറാണ് ഇവർ ഓടിച്ചിരുന്നത്. റഷ്യയിലേക്ക് കടക്കുമ്പോൾ ഡൊണെസ്കിന്റെ നമ്പർ പ്ലേറ്റും മോസ്കോയിലൂടെ സഞ്ചരിക്കുമ്പോൾ കസഖ്‌സ്ഥാന്റെ പ്ലേറ്റും പെസ്കോവ് മേഖലയിലൂടെ എസ്റ്റോണിയയിലേക്ക് സഞ്ചരിക്കുമ്പോൾ യുക്രെയിന്റെ പ്ലേറ്റും ഇവർ ഉപയോഗിച്ചതായി കണ്ടെത്തി. " എഫ്.എസ്.ബി അറിയിച്ചു. വിവരങ്ങൾ റഷ്യൻ ഇൻവെസ്റ്റിഗേറ്റീവ് കമ്മിറ്റിയ്ക്ക് കൈമാറി. യുക്രെയിൻ അധിനിവേശത്തിന് പുട്ടിന് മാർഗ നിർദ്ദേശം നൽകിയ ' ആത്മീയ ആചാര്യനും" യുക്രെയിൻ അധിനിവേശത്തിന്റെ ശില്പിയുമാണ് ഡാരിയയുടെ പിതാവ് ഡുഗിൻ. ' വ്ലാഡിമിർ പുട്ടിന്റെ തലച്ചോർ", ' പുട്ടിന്റെ റാസ്പുട്ടിൻ " എന്നൊക്കെ അറിയപ്പെടുന്ന ഡുഗിന്റെ ഏക മകളാണ് ഡാരിയ. ശനിയാഴ്ച രാത്രി 9 മണിയോടെയായിരുന്നു ഡാരിയ സഞ്ചരിച്ചിരുന്ന ടൊയോട്ട ലാൻഡ് ക്രൂസർ ബൊൾഷിയെ വ്യാസെമി ഗ്രാമത്തിന് സമീപം പൊട്ടിത്തെറിച്ചത്. ഡാരിയ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. ഡുഗിന്റെ കാറിലായിരുന്നു ഡാരിയ സഞ്ചരിച്ചിരുന്നത്. ഡാരിയയ്ക്കൊപ്പം പരിപാടിയിൽ ഡുഗിൻ പങ്കെടുത്തെങ്കിലും ഡാരിയ കാറുമായി ഇറങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം മറ്റൊരു കാറിൽ ഡുഗിൻ പുറപ്പെടുകയായിരുന്നു. ഇതോടെ ഡുഗിനെ ലക്ഷ്യമിട്ട് നടന്ന ആക്രമണമായിരുന്നോ എന്ന സംശയം ഉയർന്നിരുന്നു.