narayan

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് അംഗവും സി.പി.ഐ നേതാവുമായ എം.ജി. നാരായണനെ (74) ദേവസ്വം ക്വാർട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മരണകാരണം വ്യക്തമായിട്ടില്ല. പകൽ സമയത്ത് വിശ്രമിക്കാനായി ദേവസ്വം ആസ്ഥാനത്തിന് സമീപമുള്ള ക്വാർട്ടേഴ്‌സിലാണ് അംഗങ്ങൾ പോകാറുള്ളത്. ഈ ക്വാർട്ടേഴ്സിലാണ് നാരായണനെ മരിച്ച നിലയിൽ കണ്ടത്.

തിങ്കളാഴ്ച ഓഫീസിൽ എത്തിയിരുന്നില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടാത്തതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദേവസ്വം ബോർഡ് പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം ശനിയാഴ്ച ബോർഡ് അസിസ്റ്റന്റ് കമ്മിഷണർമാരുടെ യോഗത്തിൽ പങ്കെടുത്തിരുന്നു. മുൻപ്
വനജ മിൽ തൊഴിലാളിയും എ.ഐ.ടി.യു.സി യൂണിയൻ സെക്രട്ടറിയും വില്ലടം പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം,കിസാൻസഭ സംസ്ഥാന കമ്മിറ്റി അംഗം,ജില്ലാ വൈസ് പ്രസിഡന്റ്,വിൽവട്ടം സർവീസ് സഹകരണ ബാങ്ക് മുൻ ഡറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു.

സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ്,മുൻ മന്ത്രി വി.എസ്. സുനിൽകുമാർ എന്നിവർ സംഭവസ്ഥലത്തെത്തി. തൃശൂർ എ.സി.പി കെ.കെ. സജീവിന്റെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചു. ഭാര്യ: ലക്ഷ്മി. മക്കൾ: ബിജു,ബിന്ദു,സിന്ധു. മരുമക്കൾ: റിന്ദു,സുകുമാരൻ,ശ്രീകാന്ത്.