
കറാച്ചി : ഭീകരവിരുദ്ധ നിയമപ്രകാരം കേസ് നേരിടുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് വ്യാഴാഴ്ച വരെ സംരക്ഷണ ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. ഭീകരവാദ കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്നതിനാൽ മുൻകൂർ ജാമ്യം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ശനിയാഴ്ച ഇസ്ലാമാബാദിൽ നടന്ന റാലിക്കിടെ ഇസ്ലാമാബാദ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർ, ഒരു വനിതാ മജിസ്ട്രേറ്റ് തുടങ്ങിയവർക്കെതിരെ കേസ് കൊടുക്കുമെന്ന് ഇമ്രാൻ പറഞ്ഞിരുന്നു. തന്റെ അനുയായിയായ ഷെഹ്‌ബാസ് ഗില്ലിനെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതിന്റെ പേരിലായിരുന്നു ഇമ്രാന്റെ പ്രതികരണം.
ഇതോടെയാണ് സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്ന് കാട്ടി ഭീകരവാദ നിയമപ്രകാരം കേസെടുത്തത്. ഞായറാഴ്ച രാത്രി 10 മണിക്ക് ഇസ്ലാമാബാദിലെ മാർഗല്ല പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം ഇമ്രാൻ ഖാന്റെ പ്രസംഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യാൻ പാടില്ലെന്ന് ടി.വി ചാനലുകൾക്ക് പാകിസ്ഥാൻ ഭരണകൂടം നിർദ്ദേശം നൽകിയിരുന്നു. കാര്യക്ഷമമായ നിരീക്ഷണവും എഡിറ്റോറിൽ നിയന്ത്രണവും നൽകാൻ മതിയായ സംവിധാനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ ഇമ്രാന്റെ റെക്കോഡ് ചെയ്ത പ്രസംഗങ്ങൾ സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കൂ. പ്രധാനമന്ത്രി ഷെഹ്‌ബാസ് ഷെരീഫിനും സർക്കാരിനുമെതിരെ രൂക്ഷ വിമർശനങ്ങൾ നടത്തുന്ന ഇമ്രാൻ അടുത്തിടെയായി പ്രസംഗങ്ങളിൽ ഇന്ത്യയെ പ്രശംസിക്കുകയും ചെയ്തിരുന്നു.
കൃത്യനിർവഹണം നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ പ്രസംഗത്തിലൂടെ ഭീഷണിപ്പെടുത്തിയതിന് ഇമ്രാനെതിരെ പുതിയ കേസ് എടുക്കണോ അതോ നിലവിലുള്ള കേസിൽ ചേർക്കണോ എന്ന ആലോചനയിലാണെന്ന് ആഭ്യന്തര മന്ത്രി റാണാ സാനാവുള്ള പറഞ്ഞു. അനധികൃതമായി വിദേശസഹായം സ്വീകരിച്ചെന്ന കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനാൽ ഇമ്രാന് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ഈ ആഴ്ച രണ്ട് തവണ നോട്ടിസ് നൽകിയിരുന്നു. ഇതിന്റെ പേരിൽ അറസ്റ്റ് നേരിട്ടേക്കുമോ എന്ന ചർച്ചകൾക്കിടെയാണ് ഇമ്രാനെതിരെ പുതിയ മുന്നറിയിപ്പ്.