ukraine

കീവ് : റഷ്യൻ ആക്രമണങ്ങൾ വർദ്ധിച്ച പശ്ചാത്തലത്തിൽ നാളത്തെ സ്വാതന്ത്ര്യ ദിന പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്തി യുക്രെയിൻ. യുക്രെയിന്റെ 31ാം സ്വാതന്ത്ര്യ ദിനമാണ് നാളെ. തലസ്ഥാനമായ കീവിൽ വലിയ പൊതുപരിപാടികൾക്കും റാലികൾക്കും മറ്റ് കൂടിച്ചേരലുകൾക്കും നിരോധനമേർപ്പെടുത്തി. ഏത് നിമിഷവും റഷ്യൻ ആക്രമണമുണ്ടായേക്കാം എന്ന ഭീതിയെ തുടർന്നാണ് തീരുമാനം. വ്യാഴാഴ്ച വരെ നിയന്ത്രണങ്ങൾ തുടരും. റഷ്യൻ ഷെല്ലാക്രമണം രൂക്ഷമായ വടക്ക് കിഴക്കൻ നഗരമായ ഖാർക്കീവിൽ രാത്രികാല കർഫ്യൂ നീട്ടി. ഇന്ന് മുതൽ വ്യാഴാഴ്ച വരെ വൈകിട്ട് 4 മുതൽ പിറ്റേദിവസം രാവിലെ 7 വരെ കർഫ്യൂ ആയിരിക്കുമെന്ന് മേയർ ഇഹോർ റ്റെറെഖോവ് പറഞ്ഞു. തെക്കൻ നഗരമായ മൈക്കൊലൈവിലും കൂടിച്ചേരലുകൾക്ക് നിയന്ത്രണമേർപ്പെടുത്തി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന് മേൽ റഷ്യ കനത്ത ആക്രമണം നടത്തിയേക്കുമെന്ന് യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.