
ഏകദിന പരമ്പര തൂത്തുവാരി ഇന്ത്
ഹരാരെ: സിംബാബ്‌വെയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ 13 റൺസിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 3-0ത്തിന് തുൂത്തുവാരി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു. മറുപടിക്കിറങ്ങിയ സിംബാബ്‌വെയ്ക്കായി സിക്കന്ദർ റാസ തകർപ്പൻ സെഞ്ച്വറി നേടി പൊരുതിനോക്കിയെങ്കിലും മൂന്ന് പന്ത് ശേഷിക്കെ വിജയ ലക്ഷ്യത്തിന് 13 റൺസകലെ അവരുടെ വെല്ലുവിളി അവസാനിച്ചു (276/3).
35.5 ഓവറിൽ 167/7 എന്ന നിലയിൽ ആയിരുന്ന സിംബാബ്‌വെയെ റാസ (95 പന്തിൽ 115) എട്ടാം വിക്കറ്റിൽ ബ്രാഡ് ഇവാൻസിനെ (28) കൂട്ടുപിടിച്ച് വിജയതീരത്തേക്ക് നയിച്ചെങ്കിലും ലക്ഷ്യത്തിനരികെ ഇടറി വീഴുകയായിരുന്നു. 77 പന്തിൽ 104 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരുമുണ്ടാക്കിയത്. 49-ാം ഓവറിലെ നാലാം പന്തിൽ റാസയെ ഷർദ്ദുലിന്റെ പന്തിൽ ലോംഗ് ഓണിൽ മനോഹരമായ ക്യാച്ചിലൂടെ ഗില്ലാണ് മടക്കിയത്. സീൻ വില്യംസും സിബാബ്‌വെ ബാറ്റർമാരിൽ തിളങ്ങി. ഇന്ത്യയ്ക്കായി ആവേശ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. അക്ഷർ,ദീപക്ക്, കുൽദീപ് എന്നിവർ രണ്ട് വിക്കറ്ര് വീതം വീഴ്ത്തി.
നേരത്തേ കന്നി സെഞ്ച്വറി നേടിയ ശുഭ്മാൻ ഗില്ലാണ് ഇന്ത്യൻ ഇന്നിംഗ്സിന്റെ നട്ടെല്ലായത്. 97 പന്തിൽ നിന്ന് 15 ഫോറും 1 സിക്സും ഉൾപ്പെടെ 130 റൺസാണ് ഗിൽ നേടിയത്. ഗില്ലാണ് കളിയിലേയും പരമ്പരയിലേയും താരം. ഇഷാൻ കിഷൻ (50) അർദ്ധ സെഞ്ച്വറിയുമായി ഗില്ലിന് നല്ല പിന്തുണ നൽകി. ശിഖർ ധവാനും തിളങ്ങി. സഞ്ജു 15 റൺസെടുത്ത് പുറത്തായി.