pic

ന്യൂയോർക്ക് : 80കളിലും മറ്റും പുരുഷൻമാർക്കിടെയിൽ ഏറെ തരംഗം സൃഷ്ടിച്ച ഹെയർകട്ടായിരുന്നു മലറ്റ്. ഹോളിവുഡ് സിനിമകളിലും റോക്ക് താരങ്ങൾക്കുമിടെയിൽ ഒരുകാലത്ത് മലറ്റ് ഹെയർസ്റ്റൈലിന് പ്രത്യേക സ്ഥാനമായിരുന്നു. ഇന്ത്യൻ സിനിമയിൽ പ്രധാനമായും വില്ലൻമാരിലാണ് മലറ്റ് ഹെയർകട്ട് കണ്ടത്. തലയുടെ മുൻഭാഗത്ത് മുടിയുടെ നീളം കുറഞ്ഞതും പിൻഭാഗത്ത് നീളം കൂട്ടിയതുമായ ഹെയർകട്ടാണ് മലറ്റ്.

മലറ്റിന് യു.എസിൽ ആരാധകരേറെയാണ്. കൊച്ചുകുട്ടികൾക്കിടെയിലെ ഒരു ' മലറ്റ് ബോയ് " ആണ് ഇപ്പോൾ വാർത്തകളിൽ താരം. എമിറ്റ് ബെയ്‌ലി എന്ന എട്ടുവയസുകാരനാണത്. പ്രായം തീരെ ചെറുതാണെങ്കിൽ ആൾക്കിപ്പോൾ ഒരു സെലിബ്രിറ്റി പരിവേഷമാണ്. 2022 യു.എസ്.എ മലറ്റ് ചാമ്പ്യൻഷിപ്പിലെ കിഡ്സ് ഡിവിഷന്റെ വിജയിയാണ് ഈ കൊച്ചുമിടുക്കൻ.

വിസ്കോൻസിൻ സ്വദേശിയായ എമിറ്റ് 688 കുട്ടികളെ പിന്തള്ളിയാണ് ഒന്നാം സ്ഥാനത്തെത്തിയത്. ഞായറാഴ്ചയാണ് ബ്ലോണ്ട് നിറത്തിലെ മനോഹരമായ മലറ്റ് ഹെയർകട്ടിനുടമയായ എമിറ്റിനെ വിജയി ആയി തിരഞ്ഞെടുത്തത്. 9,896 പേരാണ് എമിറ്റിനായി വോട്ട് ചെയ്തത്. ലോകത്തെ ഏറ്റവും മികച്ച ആളുകൾ,​ അത്‌ലറ്റുകൾ,​ റോക്ക് താരങ്ങൾ എന്നിവർക്കൊക്കെ മലറ്റ് ഹെയർകട്ടുണ്ടെന്നും തനിക്കിത് വളരെ ഇഷ്ടമാണെന്നും എമിറ്റിന്റെ പിതാവ് എറിക് ബെയ്‌ലി പറയുന്നു.

കഴിഞ്ഞ വർഷത്തെ മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിച്ചിരുന്നെങ്കിലും എമിറ്റിന് അപേക്ഷിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് ഇതുവരെ ' പെർഫെക്ട് " ലുക്കിനായുള്ള കഠിനശ്രമത്തിലായിരുന്നു എമിറ്റ്. മത്സരത്തിൽ പങ്കെടുക്കുന്നവർ 10 ഡോളർ ഫീസ് നൽകേണ്ടതുണ്ട്. കുട്ടികൾക്കായുള്ള മിഷിഗൺ വിഗ് ഫൗണ്ടേഷന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായാണ് ഈ തുക വിനിയോഗിക്കുന്നത്.

ഒരു സ്റ്റൈലൻ പിറ്റ് വൈപ്പർ സൺഗ്ലാസും 2,500 ഡോളർ ക്യാഷ് അവാർഡുമാണ് എമിറ്റിന് സമ്മാനമായി ലഭിച്ചത്. 2020 മുതലാണ് മലറ്റ് ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. കുട്ടികൾ മുതൽ മുതിർന്നവർ വരെ വിവിധ കാറ്റഗറികൾ തിരിച്ചാണ് മത്സരം. മലറ്റ് ഹെയർകട്ടുള്ള സ്ത്രീകൾക്കും മത്സരമുണ്ട്. പുരാതന ഗ്രീസിലെ യോദ്ധാക്കൾ മലറ്റ് ഹെയർ സ്റ്റൈൽ പരീക്ഷിച്ചിരുന്നതായാണ് ചരിത്രം പറയുന്നത്.