
ബീജിംഗ്: കൊവിഡിന്റെ കടുത്ത നിയന്ത്രണങ്ങൾ കാരണം രണ്ട് വർഷം മുൻപ് പഠനം പ്രതിസന്ധിയിലായ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വീണ്ടും വിസ അനുവദിക്കാൻ നടപടിയാരംഭിച്ച് ചൈന. ഇന്ത്യൻ വിദ്യാർത്ഥികളുടെ ആവേശവും സന്തോഷവും അറിയാനാകുന്നതായും ചൈനയിലേക്ക് വിദ്യാർത്ഥികളെ വീണ്ടും സ്വാഗതം ചെയ്യുന്നതായും ചൈനീസ് വിദേശകാര്യ വകുപ്പിലെ ഏഷ്യൻ കാര്യവകുപ്പ് കൗൺസിലർ ജി റോംഗ് ട്വീറ്റ് ചെയ്‌തു.
വിദ്യാർത്ഥികൾക്ക് പുറമേ ചൈനയിൽ ബിസിനസ് ചെയ്യുന്ന ഇന്ത്യക്കാർക്കും ചൈനയിൽ ജോലിനോക്കുന്ന കുടുംബങ്ങൾക്കും വിസ നൽകാൻ തീരുമാനമായിട്ടുണ്ട്. 23,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് ചൈനയിൽ പഠിക്കുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും മെഡിസിൻ പഠനത്തിനായെത്തിയവരാണ്. കൊവിഡ് മൂലം വിസ നിയന്ത്രണം വന്നതോടെ ഭാവി ഇരുളടഞ്ഞ ഇവർ ഇന്ത്യയിൽ തന്നെ തുടരുകയായിരുന്നു.
പാകിസ്ഥാൻ, ശ്രീലങ്ക,റഷ്യ എന്നിവയടക്കം വിവിധ രാജ്യങ്ങളിലെ വിദ്യാർത്ഥികൾ കഴിഞ്ഞ ആഴ്‌ചകളിൽ തന്നെ ചൈനയിലെത്തി. പുതുതായി ചേരുന്നവർ സർവകലാശാല ഏർപ്പെടുത്തിയ യഥാർത്ഥ അഡ്‌മിഷൻ ലെറ്റർ ഹാജരാക്കണം.
ഇന്ത്യയിൽ നിന്നും ചൈനയിലേക്ക് നേരിട്ട് ഫ്ളൈറ്റില്ല എന്നതും വിദ്യാർത്ഥികൾക്ക് വെല്ലുവിളിയാണ്. മറ്റൊരു രാജ്യത്തെത്തി അവിടെനിന്നുമാണ് പലരും ചൈനയിലെത്തുക.