
ബംഗളൂരു: വാഹനത്തിന് സൈഡ് തന്നില്ലെന്നാരോപിച്ച് കർണാടകയിലെ മാണ്ഡ്യയിൽ കെ സ്വിഫ്‌റ്റ് ബസിന് നേരെ ഒരുസംഘം ആളുകളുടെ ആക്രമണം. ബംഗളൂരുവിൽ നിന്ന് മൂന്നാറിലേക്ക് വരികയായിരുന്ന സ്വിഫ്‌റ്റ് ബസിലെ ഡ്രൈവർ സനൂപിനെയും അക്രമികൾ മർദ്ദിച്ചു. മൈസൂരിനടുത്ത് മാണ്ഡ്യ എലിയൂർ സർക്കിളിൽ വച്ച് ആദ്യം കാറിലെത്തിയ സംഘം ബസ് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ബസ് തടഞ്ഞു. പിന്നാലെ ബൈക്കിൽ എത്തിയ രണ്ടുപേർ ബസിന്റെ മുൻവശത്തെ ചില്ല് എറിഞ്ഞ് തകർത്തു.
ഡ്രൈവറെ വലിച്ച് പുറത്തിട്ട സംഘം മർദ്ദിച്ചു. ബസിൽ മറ്റാർക്കും പരിക്കില്ല. കെ സ്വിഫ്‌റ്റ് അധികൃതരുടെ നിർദ്ദേശ പ്രകാരം ബസിലെ കണ്ടക്‌ടർ മാണ്ഡ്യ പൊലീസിൽ പരാതി നൽകി. സനൂപിന് കാര്യമായി പരിക്കേറ്റിട്ടുണ്ട്. സർവീസ് മുടങ്ങിയതോടെ ബസിലെ യാത്രക്കാരെ മറ്റ് ബസുകളിൽ നാട്ടിലേക്കയച്ചു.
ബംഗളൂരു-മൈസൂരു ദേശിയപാതയിൽ പലയിടത്തും നവീകരണം നടക്കുന്നതിനാൽ ബസുകൾ സർവീസ് റോഡിലൂടെയാണ് സർവീസ് നടത്തുന്നത്. ഇത്തരത്തിൽ ഒരു റോഡിലാണ് സംഭവമുണ്ടായത്.