
ഭോപ്പാൽ: വടക്കേ ഇന്ത്യയിൽ മഴ കനത്ത നാശനഷ്ടം വിതയ്‌ക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്‌ച മുതൽ പെയ്യുന്ന മഴയിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 50 കടന്നിരിക്കുകയാണ്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഒഡിഷ, ഛത്തീസ്‌ഗഡ്, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ ഇന്നും ശക്തമായ മഴ തുടരും.
ഒഡിഷയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയർന്നു. 13 ജില്ലകളിലായി ഒൻപത് ലക്ഷം പേരെയാണ് സംസ്ഥാനത്ത് പ്രളയം ബാധിച്ചത്. 150 ലേറെ ഗ്രാമങ്ങളിൽ വെള്ളം കയറി.
മദ്ധ്യപ്രദേശിൽ രണ്ടുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. സംസ്ഥാനത്തിലൂടെ ഒഴുകുന്ന പ്രധാന നദികളായ നർമദ, ചമ്പാൽ, ഷിപ്ര കരകവിഞ്ഞു. സംസ്ഥാനത്ത് 27 ഡാമുകൾ തുറന്നിട്ടുണ്ട്. രാജസ്ഥാനിലെ കോട്ട, ജൽവാർ തുടങ്ങിയ മേഖലകളിലും പ്രളയം രൂക്ഷമാവുകയാണ്.
ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണമെന്ന് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു. 'മദ്ധ്യപ്രദേശിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടർച്ചയായ കനത്ത മഴ തുടരുകയാണ്. ഭോപ്പാൽ, ഗുണ, റെയ്‌സൻ, സാഗർ, ജബൽപൂർ എന്നിവയുൾപ്പെടെ പല ജില്ലകളിലും നിർത്താതെ മഴ പെയ്യുകയാണ്.
കനത്ത മഴയിൽ ജാഗ്രത പാലിക്കാൻ സംസ്ഥാനത്തെ എല്ലാ ജില്ലാ ഭരണകൂടങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് കനത്ത മഴ പെയ്യുമ്പോൾ സ്ഥിതി നിയന്ത്രണവിധേയമാണ്. ഭരണകൂടത്തിന്റെ നിർദ്ദേശങ്ങൾ ജനങ്ങൾ പാലിക്കണം'- ചൗഹാൻ പറഞ്ഞു.