idukki

തൊടുപുഴ: ഇടുക്കിയിൽ വീണ്ടും ലഹരിമരുന്ന് വേട്ട. തൊടുപുഴയിൽ എം.ഡി.എം.എ ലഹരിമരുന്നുമായി യുവാവും യുവതിയും പിടിയിലായി. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്കുള്ളിൽ തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന നാലാമത്തെ ലഹരിവേട്ടയാണിത്.

തൊടുപുഴ പഴുക്കാകുളം പഴേരി വീട്ടിൽ യൂനസ് റസാക്ക് (25), കോതമംഗലം നെല്ലിക്കുഴി ഇടനാട് നെല്ലിത്താനത്ത് വീട്ടിൽ അക്ഷയ ഷാജി (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽ നിന്നും 6.6 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപമുള്ള ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇരുവരും അറസ്റ്റിലായത്.

തൊടുപുഴ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവിൽപന പൊലീസിന് തലവേദനയാകുകയാണ്. ശനിയാഴ്ച എം.ഡി.എം.എയും കഞ്ചാവും സഹിതം ഇടുക്കി എ.ആർ ക്യാംപിലെ സി.പി.ഒ എം.ജെ ഷാനവാസിനെയും കൂട്ടാളിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തതിരുന്നു.