street-dogs

തിരുവനന്തപുരം: പേവിഷബാധ ആശങ്ക പരത്തുന്നതിനിടെ 26,000 കുപ്പി ആന്റി റാബിസ് വാക്‌സിന്‍ സംസ്ഥാനത്തെത്തിച്ചു. മരുന്നുക്ഷാമം നേരിടുന്നതിന്റെ ഭാഗമായാണ് പേവിഷബാധയ്‌ക്കെതിരായ വാക്‌സിൻ എത്തിച്ചത്.

സെന്‍ട്രല്‍ ഡ്രഗ്‌സ് ലബോറട്ടറി പരിശോധന പൂര്‍ത്തിയാക്കിയ വാക്‌സിനാണ് എത്തിച്ചത്. പരിശോധന പൂര്‍ത്തിയാകുന്ന മുറയ്ക്ക് കൂടുതല്‍ വാക്‌സിനുകള്‍ സംസ്ഥാനത്ത് എത്തിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

കടുത്തക്ഷാമം കണക്കിലെടുത്ത് ഹൈദരാബാദിലെ സ്വകാര്യകമ്പനിയില്‍നിന്ന് 50,500 കുപ്പി വാക്‌സിന്‍ വാങ്ങാന്‍ മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന് സര്‍ക്കാര്‍ നേരത്തെ അനുമതി നല്‍കിയിരുന്നു. കേന്ദ്ര മരുന്നുപരിശോധനാ ലബോറട്ടറിയുടെ പരിശോധനാഫലം ഇല്ലാതെത്തന്നെ വാക്‌സിൻ വാങ്ങാനായിരുന്നു സർക്കാരിന്റെ തീരുമാനം. കമ്പനിയുടെ സ്വന്തം ലബോറട്ടറിയിലെ പരിശോധനാ റിപ്പോര്‍ട്ട് മതിയെന്നായിരുന്നു നിര്‍ദേശം.

പേവിഷ വാക്‌സിനെടുത്തിട്ടും രോഗബാധയും മരണവും റിപ്പോര്‍ട്ട് ചെയ്‌തതിന് പിന്നാലെ വാക്‌സിന്റെ ഗുണനിലവാരത്തെക്കുറിച്ച് ചർച്ചകൾ ആരംഭിച്ചിരുന്നു. വേണ്ടത്ര പരിശോധനയില്ലാതെ മരുന്നുവാങ്ങാനുള്ള സര്‍ക്കാര്‍ തീരുമാനവും വിവാദത്തിലായി. തുടർന്നാണ് പരിശോധന പൂര്‍ത്തിയാക്കിയ 26,000 കുപ്പി വാക്‌സിൻ സംസ്ഥാനത്ത് എത്തിച്ചത്. വാക്‌സിന്‍ ആശുപത്രികള്‍ക്ക് കൈമാറിയിട്ടുണ്ട്. നായയും പൂച്ചയും കടിച്ച് ആന്റിറാബിസ് വാക്‌സിനെടുക്കുന്നതിനായി ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം കൂടിയതാണ് വാക്‌സിന്‍ ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.

തെരുവുനായയുടെ കടിയേറ്റ സത്രീ പേവിഷബാധയ്‌ക്കെതിരായ വാക്സിൻ എടുത്തിട്ടും മരിച്ച സംഭവം ആശങ്ക ഉയർത്തിയിരുന്നു. കൂത്താളി രണ്ടേ ആറിൽ പുതിയേടത്ത് ചന്ദ്രിക (53) ആണ് മരിച്ചത്. കഴിഞ്ഞ മാസം 21നാണ് വീടിന് സമീപത്തുവച്ച ചന്ദ്രികയ്ക്ക് തെരുവുനായയുടെ കടിയേറ്റത്. അന്ന് മറ്റ് എട്ടുപേർക്കും കടിയേറ്റിരുന്നു.

ഇവരുടെ മുഖത്താണ് കടിയേറ്റത്. പത്തുദിവസം മുൻപ് ശാരീരികാസ്വാസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ശനിയാഴ്ചയാണ് ചന്ദ്രിക മരിച്ചത്.