ഉദാഹരണം സുജാത"യിലൂടെ മലയാളികളുടെ പ്രിയപ്പെട്ടവളായ പത്താം ക്ലാസുകാരി പെൺകുട്ടിയെ പിന്നീട് നാം കാണുന്നത് 'തണ്ണീർമത്തൻ ദിനങ്ങളിലും", 'സൂപ്പർ ശരണ്യ"യിലുമൊക്കെയാണ്. 'മൈക്ക്" എന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ അതിലെ പ്രധാന കഥാപാത്രമായ 'മൈക്ക്" എന്ന സാറയായി തിളങ്ങിയ അനശ്വര രാജൻ  വിശേഷങ്ങൾ കേരള കൗമുദിയോട് പങ്കുവെച്ചു. 

ശരണ്യയിൽ നിന്ന് സാറയിൽ എത്തിയപ്പോൾ? 
ശരണ്യ ശാലീനയായ ഒരു പെൺകുട്ടിയാണ്. സാറ പൂർണ്ണമായും ആണിന്റെ സ്വഭാവമുള്ള ഒരു പെൺകുട്ടിയാണ്. ആ മാറ്റം സാറയുടെ നടത്തത്തിലും സംഭാഷണത്തിലും എല്ലാം വളരെയധികം പ്രകടമാകുന്നുമുണ്ട്. ഒരുപാട് സുഹൃത്തുക്കൾ വിളിച്ച് ആ ഒരു മാറ്റത്തെ  ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു.
മൈക്കിലെ സാറ ആയപ്പോൾ വരുത്തിയ മാറ്റങ്ങൾ? 
സാറയ്ക്കായി മുടി മുറിക്കണം എന്നും കളരി പഠിക്കണം എന്നും സംവിധായകൻ പറഞ്ഞു. സത്യത്തിൽ മുടി മുറിക്കണം എന്നത് എന്റെ കൂടി ഒരു ആഗ്രഹമായിരുന്നു. അമ്മയ്ക്ക് അതിൽ അല്പം എതിർപ്പുണ്ടായിരുന്നു. മൈക്കിനു വേണ്ടി കൊച്ചിയിലെ ഫ്ലാറ്റിൽ ഞങ്ങൾ കൂട്ടുകാർ എല്ലാവരും ചേർന്നാണ് മുടി മുറിച്ചത്. ആ സമയത്ത് അമ്മ ഒപ്പമുണ്ടായിരുന്നു. അതെല്ലാം നോക്കി നിന്നുകൊണ്ട് അമ്മ കരയുകയായിരുന്നു. ഇനിയും നല്ല വേഷങ്ങൾക്കായി നമ്മുടെ ശരീരത്തിൽ മാറ്റങ്ങൾ വരുത്തണമെന്ന് പറഞ്ഞാൽ അത് ശ്രമിക്കാനുള്ള മനസ്സുകൂടി ഇതോടൊപ്പം ലഭിച്ചുവെന്ന് പറയാം. കളരി പഠനത്തെക്കുറിച്ചാണെങ്കിൽ അഡ്വഞ്ചർ ആയിട്ടുള്ള വേഷങ്ങൾ ചെയ്യാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സിനിമയിലെ നായകന്മാർ ചെയ്യുന്ന വേഷങ്ങൾ ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒരുപാട് കാലമായി ഞാൻ ചെയ്യണമെന്ന് ആഗ്രഹിച്ച ഒരു വേഷമാണ് ഇപ്പോൾ ചെയ്തത് എന്ന് പറയാം.
സിനിമയിലെ സാറ മദ്യപിക്കുമല്ലോ? 
സാറ ആൺകുട്ടിയാണ് എന്ന് കാണിക്കാൻ വേണ്ടിയാണ് മദ്യപിക്കുന്നതും സിഗരറ്റ് വലിക്കുന്നതും . അവൾക്ക് ചുറ്റുമുള്ള ഒരു സമൂഹമാണ് അവളെ അങ്ങനെയൊക്കെ ചെയ്യാൻ പ്രേരിപ്പിക്കുന്നതും. സാറ കാണുന്ന സമൂഹത്തിലുള്ള ആൺകുട്ടികൾ കള്ളുകുടിക്കുന്നുണ്ട്, സിഗരറ്റ് വലിക്കുന്നുണ്ട്. ഒരു പെൺകുട്ടി ആണാവാൻ തീരുമാനിക്കുമ്പോൾ അവൾക്ക് കണ്ടു പഠിക്കാനുള്ളത് അവളുടെ ചുറ്റുമുള്ള ആൺകുട്ടികളെ തന്നെയാവുമല്ലോ. ആൺകുട്ടിയാവണമെങ്കിൽ സിഗരറ്റ് വലിക്കണം കള്ളു കുടിക്കണം എന്നൊന്നും സിനിമ പറയുന്നില്ല. 
ചില സാമൂഹിക പ്രശ്നങ്ങൾ ചിത്രം ചൂണ്ടിക്കാണിക്കുന്നു. അത്തരം അവസ്ഥകളിലൂടെ എപ്പോഴെങ്കിലും കടന്നുപോയിട്ടുണ്ടോ?
സ്കൂളിൽ പഠിക്കുന്ന സമയത്ത് ഒരു മധ്യവയസ്കനിൽ നിന്നും എനിക്കും അത്തരം ഒരു അനുഭവം നേരിട്ടിട്ടുണ്ട്. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് പ്രൈവറ്റ് ബസ്സിൽ പോകുമ്പോൾ കുറച്ചു പ്രായമുള്ള ഒരാൾ ഞങ്ങളുടെ മുന്നിൽ അയാളുടെ നഗ്നത പ്രദർശിപ്പിച്ചു. അന്ന് അയാൾ എന്താണ് ചെയ്യുന്നത് എന്ന് ഒന്നും എനിക്ക് മനസ്സിലാവുന്ന ഒരു പ്രായമായിരുന്നില്ല. മുതിർന്നപ്പോൾ ആണ് അയാൾ എന്താണ് ഉദ്ദേശിച്ചത് എന്നും എന്തിനാണ് അയാൾ അങ്ങനെയൊക്കെ ചെയ്തത് എന്നും എനിക്ക് മനസ്സിലായത്. അത് മനസ്സിലായപ്പോൾ പ്രതികരിക്കാൻ കഴിയാഞ്ഞതിൽ വിഷമം തോന്നി. അന്ന് അയാൾക്ക് രണ്ട് പൊട്ടിക്കാൻ തോന്നാത്തതിനുള്ള വിഷമം മൈക്കിലെ സാറയിലൂടെ മാറ്റാൻ ശ്രമിച്ചു.
സോഷ്യൽ മീഡിയയിൽ നെഗറ്റീവ് ട്രോളുകൾ വരാറുണ്ടല്ലോ? 
ആദ്യമൊക്കെ എനിക്ക് സോഷ്യൽ മീഡിയയിലെ ട്രോളുകൾ കാണുമ്പോൾ വിഷമം ഉണ്ടായിരുന്നു. ചില ആളുകൾ പെൺകുട്ടികളെ മാത്രം കേന്ദ്രീകരിച്ച് ട്രോളുകൾ ചെയ്യുന്നതൊക്കെ കണ്ടിട്ടുണ്ട്. ട്രോളുകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഒരാളെ വ്യക്തിഹത്യ ചെയ്യാത്ത തരത്തിൽ ട്രോളുകയാണെങ്കിൽ നന്നാവും എന്ന് തോന്നിയിട്ടുണ്ട്. മറ്റുള്ളവരെ വേദനിപ്പിക്കുന്ന ട്രോളുകളോട് താത്പര്യമില്ല. ഹെൽത്തി ട്രോളുകൾ എനിക്ക് ഇഷ്ടമാണ്. അതിനെ ഞാൻ സപ്പോർട്ട് ചെയ്യാറുമുണ്ട്.
മാർഷൽ ആർട്സ് പഠിച്ചിട്ടുണ്ടോ? 
ഇന്നത്തെ കാലത്ത് എല്ലാ പെൺകുട്ടികളും മാർഷൽ ആർട്സ് പഠിക്കണം എന്നാണ് എനിക്ക് പറയാനുള്ളത്. ഞാൻ അത് പഠിച്ചിട്ടുണ്ട്. പക്ഷേ ദൈവം സഹായിച്ച് ഇതുവരെ അത് പ്രയോഗിക്കേണ്ട ഒരു അവസരം വന്നിട്ടില്ല.
പുതിയ സിനിമകൾ? 
തെലുങ്കിലും തമിഴിലും പുതിയ സിനിമകൾ റിലീസ് ആവാൻ തുടങ്ങുകയാണ്. പേര് അനൗൺസ് ചെയ്യാത്ത ചില ചിത്രങ്ങളും ഉണ്ട്. ചിലത് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. 
അനശ്വര രാജൻ ഇഗ്നോയിൽ നിന്നും ഡിസ്റ്റൻസ് ആയി ബി എസ് ഡബ്ലിയു ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ.