
തിരുവനന്തപുരം: മനുഷ്യാവകാശ പ്രവർത്തകൻ കവടിയാർ ഹരികുമാർ എട്ടുവർഷത്തോളമായി നടത്തിയ പോരാട്ടം ഇന്ന് നാടിന് നന്മയായി മാറുകയാണ്. അപകടം തുടർക്കഥയായ കിഴക്കേകോട്ടയിൽ ഇനിയൊരു ജീവൻ പൊലിയരുതെന്ന നിശ്ചയദാർഢ്യത്തോടെ അദ്ദേഹം നടത്തിയ പരിശ്രമത്തിന്റെ ഫലമാണ് ഇന്നലെ ഉദ്ഘാടനം ചെയ്യുന്ന ഫുട് ഓവർ ബ്രിഡ്ജ്. ഏഴു പേർ മരണപ്പെട്ട 2014ലാണ് ഹരികുമാർ പരാതിയുമായി മനുഷ്യാവകാശ കമ്മിഷനിലെത്തിയത്. പൊതുനിരത്തിലൂടെ സുഗമമായി സഞ്ചരിക്കാനുള്ള പൗരന്റെ അവകാശം നിഷേധിക്കലാണ് ഇത്തരം സംഭവങ്ങളെന്നും അധികൃതരുടെ അനാസ്ഥ മൂലം നടുറോഡിൽ നടക്കുന്ന കൊലപാതകങ്ങളാണിതെന്നും ഹരികുമാർ പരാതിയിൽ ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സണായിരുന്ന ജസ്റ്റിസ് ജെ.ബി.കോശി ട്രാഫിക് പൊലീസ്,കോർപ്പറേഷൻ,റോഡ് ഫണ്ട് ബോർഡ്,നാറ്റ്പാക്ക് എന്നിവരോട് റിപ്പോർട്ട് തേടി. റോഡ് മുറിച്ച് കടക്കുന്നതിനിടെ നടുറോഡിൽ ജീവനുകൾ പൊലിയുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ലെന്ന നിലപാടായിരുന്നു കമ്മീഷനും സ്വീകരിച്ചത്. എന്നാൽ കൃത്യമായി റിപ്പോർട്ടുകൾ കമ്മീഷനിൽ എത്തിയില്ല. പല സിറ്റിംഗുകളിലും ഉത്തരവാദപ്പെട്ടവർ ഹാജരാകാതെ സമയം നീട്ടി.എന്നാൽ പരാതിക്കാരൻ പിന്മാറിയില്ല. ഓരോ സിറ്രിംഗുകളിലും നിലവിലെ സ്ഥിതി കമ്മീഷനെ ബോധിപ്പിച്ചു. കേസ് പരിഗണയിലിരിക്കെ 2015ൽ ആറ് പേരും 2016ൽ നാല് പേരും മരിച്ചു. ഇതോടെ കമ്മീഷനും കർശന നിലപാടെടുത്തു. ഇതേത്തുടർന്ന് 2016ഏപ്രിൽ രണ്ടിന് ട്രാഫിക് പൊലീസ് പ്രശ്‌നത്തിന് ശാശ്വതപരിഹാരമായി എട്ടിന് ശുപാർശകൾ സമർപ്പിച്ചു. അതിൽ പ്രധാനപ്പെട്ടതായിരുന്നു ഫുട്ട് ഓവർബ്രിഡ്‌ജ്.
തുടർന്ന് ഏപ്രിൽ 18ന് മനുഷ്യാവകാശ കമ്മീഷൻ ഫുട്ട് ഓവർബ്രിഡ്ജ് പണിയണമെന്നത് ഉൾപ്പെടെയുള്ള നിർദ്ദേശം കോർപറേഷന് കൈമാറി. വിശദമായ ചർച്ചകൾക്കും തുടർനടപടികൾക്കും ശേഷം 2019ജൂലായ് 18ന് മേയറായിരുന്ന വി.കെ.പ്രശാന്ത് തറക്കല്ലിട്ടു. അഞ്ചുമാസം പണി നടന്നെങ്കിലും കൊവിഡിന്റെ വരവോടെ അതും നിലച്ചു.കൊവിഡിന് ശേഷമാണ് നിർമ്മാണത്തിന് വേഗം കൂടിയത്.പണിയിഴയുന്ന ഘട്ടത്തിലെല്ലാം വിവരാവകാശ നിയമം അനുസരിച്ച് പദ്ധതിയുടെ പ്രവർത്തന പുരോഗതി ഹരികുമാർ നിരന്തരം ആരാഞ്ഞു.