
തിരുവനന്തപുരം: ആഭ്യന്തര ടെർമിനൽ പൊളിച്ച് അത്യാധുനിക സൗകര്യങ്ങളോടെ പുതിയ ടെർമിനലും അന്താരാഷ്ട്ര വിമാനത്താവളത്തിന് മുൻവശത്തായി പഞ്ചനക്ഷത്ര ഹോട്ടലും എയർട്രാഫിക് ടവറുമടക്കം നിർമ്മിച്ച് തിരുവനന്തപുരം വിമാനത്താവളം ലോകനിലവാരത്തിൽ പുതുക്കിപ്പണിയാൻ അദാനി ഗ്രൂപ്പ് മാസ്റ്റർപ്ലാൻ തയ്യാറാക്കി.
2070 വരെയുള്ള യാത്രക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് വിമാനത്താവളം പുതുക്കിപ്പണിയുക. ശംഖുംമുഖത്തെ ആഭ്യന്തര ടെർമിനൽ പൂർണമായി പൊളിച്ച് സിംഗപ്പൂർ ഷാംഗി വിമാനത്താവളത്തിന്റെ മാതൃകയിൽ പുതിയ ടെർമിനലുണ്ടാക്കും. രൂപരേഖയ്‌ക്കായി ലോകപ്രശസ്‌ത ആർക്കിടെക്ടുകളെ എത്തിക്കും. വിസ്‌മയിപ്പിക്കുന്ന രൂപഭംഗിയിലും ലോകോത്തര സൗകര്യങ്ങളോടെയും ആഭ്യന്തര ടെർമിനലായി തന്നെയാവും ഇത് നിർമ്മിക്കുക. നേരത്തേ ആഭ്യന്തര ടെർമിനൽ പൊളിച്ച് സർവീസുകളെല്ലാം അന്താരാഷ്ട്ര ടെർമിനലിലേക്ക് മാറ്റാൻ പദ്ധതിയുണ്ടായിരുന്നെങ്കിലും മാസ്റ്റർപ്ലാനിൽ അത് ഉപേക്ഷിച്ചു. ചാക്കയിലെ അന്താരാഷ്ട്ര ടെർമിനൽ കൂടുതൽ സൗകര്യങ്ങളോടെ പുതുക്കിപ്പണിയും. യാത്രക്കാർക്ക് കസ്റ്റംസ്, ഇമിഗ്രേഷൻ ക്ലിയറൻസിനായി ഏറെസമയം കാത്തുനിൽക്കേണ്ട സ്ഥിതി ഒഴിവാക്കുന്നതിനൊപ്പം യാത്രക്കാർക്ക് വിശ്രമത്തിനും വിനോദത്തിനും ഷോപ്പിംഗിനും കൂടുതൽ സൗകര്യങ്ങളൊരുക്കും. നിലവിൽ 1600 യാത്രക്കാരെയാണ് അന്താരാഷ്ട്ര ടെർമിനലിൽ ഉൾക്കൊള്ളാനാകുക.
അന്താരാഷ്ട്ര ടെർമിനലിന് മുൻവശത്തെ പാർക്കിംഗ് - ടോയ്‌ലെറ്റ് ഏരിയയിലാണ് ബഹുനിലകളിലായി പഞ്ചനക്ഷത്ര ഹോട്ടൽ വരുന്നത്. പ്രധാന വിമാനത്താവളങ്ങളിലെല്ലാം ഇത്തരം എയർപോർട്ട് ഹോട്ടലുകളുണ്ട്. വിമാനത്താവളത്തിനടുത്തെ മാൾ ഏറ്റെടുത്ത് ഹോട്ടലും വാണിജ്യകേന്ദ്രവുമാക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു. ദേശീയപാതയിലേക്കും നഗരത്തിലേക്കും ചാക്കയിൽ പ്രവേശനകവാടമുണ്ടാക്കും. മാസ്റ്റർപ്ലാൻ അംഗീകാരത്തിനായി എയർപോർട്ട് അതോറിട്ടിക്ക് കൈമാറി. രണ്ടുമാസത്തിനകം അന്തിമപ്ലാൻ പ്രസിദ്ധീകരിക്കും.
തലസ്ഥാനത്തിന്റെ മുഖമാകാൻ എ.ടി.സി
മുംബയ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിന്റെ (എ.ടി.സി ) മാതൃകയിലാകും അന്താരാഷ്ട്ര ടെർമിനലിന്റെ ചാക്കയിലെ പ്രവേശനകവാടത്തിന്റെ വലതുഭാഗത്തായി പുതിയ ടവർ നിർമ്മിക്കുക. തിരുവനന്തപുരത്തിന്റെ സാംസ്‌കാരികപഴമ വിളിച്ചോതുന്ന ശില്പചാരുതയോടെയാകും ടവർ സജ്ജമാക്കുക.
വ്യോമഗതാഗത നിയന്ത്രണം എയർപോർട്ട് അതോറിട്ടിക്കായതിനാൽ ടവർ അദാനിഗ്രൂപ്പ് അവർക്ക് കൈമാറും. 49 മീറ്റർ ഉയരമുള്ള എട്ടുനില ടവറിന് എയർപോർട്ട് അതോറിട്ടി 115 കോടി അനുവദിച്ചിരുന്നെങ്കിലും നടത്തിപ്പ് അദാനിക്കായതോടെ പദ്ധതി നിലച്ചിരുന്നു.
''അഞ്ചുവർഷത്തിനകം വിമാനത്താവളത്തിൽ വലിയമാറ്റങ്ങളുണ്ടാകും.
കൂടുതൽ ദൃശ്യഭംഗിയും സൗകര്യങ്ങളുമൊരുക്കും.''
-അദാനിഗ്രൂപ്പ് 
628.70
ഏക്കർ ഭൂമിയിൽ
വിമാനത്താവളം