
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണ് കെ റെയിൽ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില പ്രത്യേക ഇടപെടലുകൾ വന്നപ്പോൾ കുറച്ചൊന്ന് ശങ്കിച്ച് നിൽക്കുന്നുണ്ട്. പക്ഷേ, ഏത് ഘട്ടത്തിലായാലും സിൽവർ ലൈനിന് അനുമതി തന്നേ തീരു. ഇപ്പോൾ തരുന്നില്ലെങ്കിലും ഭാവിയിൽ തരേണ്ടിവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സിൽവർ ലൈനിന് അതിവേഗം അനുമതി കിട്ടുമെന്നാണ് ആദ്യം പ്രതീക്ഷിച്ചത്. അതുകൊണ്ടുതന്നെ മറ്റു നടപടിക്രമങ്ങൾ സ്വീകരിക്കുകയായിരുന്നു. സാമൂഹികാഘാത പഠനം നടത്താൻ കേന്ദ്രത്തിൽ നിന്ന് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. എന്നാൽ നിർഭാഗ്യവശാൽ ചില ആളുകളുടെ സമ്മർദ്ദത്തിന്റെ ഫലമായി സിൽവർ ലൈൻ പദ്ധതിയെ ചിലയാളുകൾ തെറ്റിദ്ധരിച്ചു. എതിർത്തവർക്കൊന്നും എതിരെ ഒരുകേസുമില്ല. ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കാൻ നോക്കിയവർക്കെതിരെയാണ് കേസ് എടുത്തത്. വസ്തുവകകൾ നശിപ്പിച്ചവർക്കെതിരെയുള്ള കേസ് പിൻവലിക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കെ റെയിൽ പദ്ധതി നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറെ അനുയോജ്യമായ കാര്യമാണ്. അതിന് കേന്ദ്ര ഗവൺമെന്റ് അനുമതി നൽകും എന്നതരത്തിലുള്ള സൂചനകളാണ് ആദ്യമേ ലഭിച്ചിരുന്നത്. പക്ഷേ, എല്ലാവർക്കും അറിയാവുന്ന തരത്തിലുള്ള ചില പ്രത്യേക ഇടപെടലുകൾ വന്നപ്പോൾ കുറച്ചൊന്ന് ശങ്കിച്ച് നിൽക്കുന്നുണ്ട്. പക്ഷേ, ഏത് ഘട്ടത്തിലായാലും ഇതിന് അനുമതി തന്നേ തീരു. തരേണ്ടിവരും. ഇപ്പോൾ തരുന്നില്ലെങ്കിലും ഭാവിയിൽ തരേണ്ടിവരും.' അതിനാൽ തന്നെ സംസ്ഥാന സർക്കാർ ഈ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എന്നാൽ, അനുമതി തരേണ്ടവർ അത് ഇപ്പോൾ തരാൻ തയ്യാറല്ലെന്ന സമീപനം സ്വീകരിക്കുമ്പോൾ, ഞങ്ങളിതാ ഇപ്പോൾ നടത്തുന്നു എന്ന് പറയാൻ സംസ്ഥാനത്തിന് കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.