bilkis-bano

ന്യൂഡൽഹി: ബിൽക്കിസ് ബാനു കൂട്ടബലാത്സംഗ കേസിൽ പ്രതികളായ പതിനൊന്ന് പേരെ മോചിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി വനിതാ സാമൂഹ്യപ്രവർത്തകർ. സിപിഎം നേതാവ് സുഭാഷിണി അലി, ലോക്‌സഭാംഗം മഹുവ മൊയിത്ര, മാദ്ധ്യമപ്രവർത്തക രേവതി ലൗൽ, രൂപ് രേഖ വർമ എന്നിവരാണ് ഹർജി നൽകിയത്.

ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്ന പ്രതികൾ കൂട്ടബലാത്സംഗത്തിലും കൊലപാതകത്തിലും ഉൾപ്പെട്ടവരായതിനാൽ മോചനം അനുവദിക്കാൻ പാടില്ലെന്നാണ് ഹർജിയിൽ വ്യക്തമാക്കുന്നത്. ഹർ‌ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇവർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലും അപർണ ഭട്ടും ആവശ്യപ്പെട്ടു. പതിനാല് പേരെ കൊല്ലുകയും ഒരു ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്ത കേസിലാണ് പ്രതികളെ വിട്ടയച്ചതെന്ന് സിബൽ ചൂണ്ടിക്കാട്ടി. ചീഫ് ജസ്റ്റിസ് എൻ വി രമണ ആവശ്യം പരിഗണിച്ചു. ഹർജി നാളെ പരിഗണിക്കുമെന്നാണ് വിവരം.

2002 മാർച്ച് മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരുപത് വയസുകാരിയും ഗ‌ർഭിണിയുമായിരുന്ന ബിൽക്കിസ് ബാനുവിനെ പ്രതികൾ ചേർന്ന് ബലാത്സംഗം ചെയ്യുകയും ബിൽക്കിസിന്റെ മൂന്ന് വയസുള്ള മകളുൾപ്പടെയുള്ള ബന്ധുക്കളെ കൊലപ്പെടുത്തുകയുമായിരുന്നു.

2008 ജനുവരിയിൽ മുംബയിലെ പ്രത്യേക സി ബി ഐ കോടതി 20 പ്രതികളിൽ 11 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. പ്രതികളെ രക്ഷിക്കുന്നതിനായി തെറ്റായ രേഖകൾ ഉണ്ടാക്കിയ ഹെഡ് കോൺസ്റ്റബിളിനും ശിക്ഷ ലഭിച്ചു. 20 പ്രതികളിൽ ഏഴുപേരെ തെളിവുകളുടെ അഭാവത്തിൽ വെറുതെവിട്ടിരുന്നു. വിചാരണയ്ക്കിടെ ഒരാൾ മരണപ്പെടുകയും ചെയ്തു.