
വർഷങ്ങൾക്ക് മുമ്പ് താൻ വളർത്തിയിരുന്ന തത്തയെ സംസാരിക്കാൻ പഠിപ്പിച്ചത് ഗാനഗന്ധർവൻ യേശുദാസാണെന്ന് നടൻ ജയറാം. സാക്ഷാൽ യേശുദാസിനോട് തന്നെയാണ് ജയറാം ഈ വെളിപ്പെടുത്തൽ നടത്തിയത്. ഗാനഗന്ധർവന്റെ സംഗീത വിദ്യാലയമായ തരംഗിണിയുടെ നേതൃത്വത്തിൽ ഓൺലൈനായി ആരംഭിക്കുന്ന സംഗീത ക്ളാസമുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്.
ജയറാമിന്റെ വാക്കുകൾ-
23 വർഷങ്ങൾക്ക് മുമ്പ് ഞാൻ മദ്രാസിൽ ആദ്യമായി വീട് വച്ചപ്പോൾ ദാസേട്ടനെ വിളിച്ചു. ദാസേട്ടൻ ഒന്ന് വന്ന് ആ കാലൊന്ന് വീട്ടിൽ സ്പർശിച്ചിട്ടു പോയാൽ തന്നെ എനിക്ക് അതിലും വലിയ സന്തോഷമില്ലെന്ന് അറിയിച്ചു. തീർച്ചയായിട്ടും വാരം മോനെ എന്ന് പറഞ്ഞ് ദാസേട്ടനും ചേച്ചിയും വന്നു. ചേച്ചി വീടൊക്കെ കണ്ടുകൊണ്ടിരിക്കുന്നു, പെട്ടെന്ന് ദാസേട്ടനെ കാണാനില്ല. സാ... എന്ന് ശബ്‌ദം എവിടെ നിന്നോ ഞാൻ കേട്ടു. ആരെയാണ് സംഗീതം പഠിപ്പിക്കുന്നത് എന്ന് നോക്കിയപ്പോഴാണ് എന്റെ തത്തെയെയാണ് ദാസേട്ടൻ പഠിപ്പിക്കുന്നത്. അതിനെ ഓരോന്നായിട്ട് ദാസേട്ടൻ സംഗീതം പറഞ്ഞുകൊടുക്കുകയാണ്. എന്റെ നെഞ്ചിൽ തൊട്ട്, എന്റെ കലയാണേ സത്യം ഞാൻ പറയുന്നു, ആ പക്ഷി പിന്നീട് ഇരുപത്തിയഞ്ചോളം വാക്കുകൾ പറയുമായിരുന്നു. വീട്ടിൽ വരുന്ന എല്ലാവർക്കും അത്ഭുതമായിരുന്നു അത്.
സംഗീതം പഠിക്കാൻ ആഗ്രഹിക്കുന്ന, സംഗീതത്തിൽ ജ്ഞാനമുള്ള കുട്ടികൾക്കു വേണ്ടിയാണ് ഇത്തരമൊരു ഉദ്യമമെന്ന് യേശുദാസ് വ്യക്തമാക്കി. തന്റെ വലിയൊരു ആഗ്രഹമാണത്. ലോകത്ത് എവിടെ നിന്നും കുട്ടികൾക്ക് ഈ അവസരം വിനിയോഗിക്കാൻ കഴിയും. എന്നാൽ ജന്മവാസനയാണ് ഏറ്റവും ആവശ്യം. മാതാപിതാക്കൾ നിർബന്ധിച്ചതുകൊണ്ട് കാര്യമില്ല. അങ്ങനെയുള്ളവർക്ക് സംഗീതത്തിലേക്കുള്ള വഴി എന്ന നിലയിലാണ് തരംഗിണി ഈ ഉദ്യമം ആരംഭിക്കുന്നതെന്നും യേശുദാസ് അറിയിച്ചു.