
കാറിന്റെ താക്കോൽ മറക്കാതിരിക്കാൻ ശാശ്വതപരിഹാരം കണ്ടെത്തി ടെസ്‌ല ഉപഭോക്താവ്. ബ്രാൻഡൻ ദലാലി എന്ന ടെക്കി വലത് കൈപ്പത്തിയിൽ ചിപ്പ് ഘടിപ്പിച്ചാണ് കാർ പ്രവർത്തിപ്പിക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുന്നത്.
ഒടുവിൽ താക്കോലിന്റെ പ്രശ്നങ്ങൾ പരിഹരിച്ചുവെന്ന് ചിപ്പ് ഘടിപ്പിക്കുന്ന വീഡിയോ പങ്കുവച്ച് ദലാലി പറഞ്ഞു. ടെസ്‌ല മേധാവി ഇലോൺ മസ്കിനെ ടാഗ് ചെയ്തുകൊണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു വിദഗ്ദ്ധന്റെ സഹായത്തോടെയാണ് ചിപ്പ് കൈയിൽ ഘടിപ്പിച്ചത്.
@elonmusk
— Brandon Dalaly (@BrandonDalaly) August 16, 2022
Finally decided to take my phone key issues in to my own hands... literally. Tesla key chip implant. pic.twitter.com/RVK8ZaePoI
വീഡിയോ പുറത്തിറങ്ങിയതിന് പിന്നാലെ സമൂഹമാദ്ധ്യമ ഉപഭോക്താക്കൾ അമ്പരപ്പിലാണ്. കാർ തുറക്കാൻ സഹായിക്കുന്നത് മാത്രമല്ല മറ്റ് പല ഉപയോഗങ്ങളും ചിപ്പിനുണ്ടെന്ന് ദലാലി പറയുന്നു. ചിപ്പ് ഒരു ടെസ്‌ല കീ മാത്രമല്ല മറിച്ച് ഡാറ്റ ശേഖരിക്കുന്നതിനും കൺട്രോൾ ആക്‌സസ് ചെയ്യുന്നതിനും, ഒടിപി ടു ഫാക്ടർ ഓതന്റിഫിക്കേഷൻ ചെയ്യുന്നതിനും, ക്രിപ്റ്റോ വാലറ്റ് സുരക്ഷിതമാക്കുന്നതിനും , ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്കും ഉപയോഗിക്കാമെന്നും ദലാലി വെളിപ്പെടുത്തി. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻ എഫ് സി) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് വിവോകീ അപ്പെക്‌സ് എന്ന ചിപ്പാണ് ദലാലിയുടെ കൈയിൽ ഘടിപ്പിച്ചത്. ആപ്പിൾ പേയിലും ഹോട്ടലുകളിൽ താക്കോൽ ഉപയോഗിക്കാതെ മുറി തുറക്കുന്നതിനും ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയാണ് ഇവിടെയും സ്വീകരിച്ചിരിക്കുന്നത്.
400 ഡോളർ ( ഏകദേശം മുപ്പത്തിരണ്ടായിരം രൂപ)യാണ് ചിപ്പ് ഘടിപ്പിക്കുന്നതിനായി ചെലവായത്. തന്റെ ഇടതുകൈയിൽ മറ്റൊരു ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും ദലാലി പറഞ്ഞു. കൊറോണ വൈറസ് വാക്സിനേഷൻ കാർഡിന്റെയും വീടിന്റെ താക്കോലുകളുടെയും കോൺടാക്റ്റ് കാർഡിന്റെയും മറ്റ് വിവരങ്ങളുടെയും താക്കോലുകൾ സംഭരിക്കുന്ന ചിപ്പാണ് ഇടതുകൈയിൽ പിടിപ്പിച്ചിരിക്കുന്നത്. വീടിന്റെ താക്കോൽ ഇടതുകൈയിലും കാറിന്റെ താക്കോൽ വലത് കൈയിലും ഉണ്ടാകുമെന്ന ചിന്തയാണ് ചിപ്പുകൾ ഘടിപ്പിക്കുന്നതിൽ എത്തിച്ചതെന്നും ദലാലി പറഞ്ഞു.